ചെങ്ങന്നൂർ: പമ്പാ ഇറിഗേഷൻ കനാലിന്റെ തിരുവൻവണ്ടൂർ തൈപ്പറമ്പിൽ പടിക്കു സമീപം മാലിന്യം കുമിഞ്ഞുകൂടി. ഒഴുക്ക് തടസപ്പെട്ട് വെള്ളം റോഡിലേക്ക് ഒഴുകുകയാണ്. പ്ലാസ്റ്റിക് കുപ്പികളും മറ്റ് ഖരമാലിന്യങ്ങളും കനാലിൽ കെട്ടി നിൽക്കുന്നു. ഇറച്ചി കോഴിയുടെ മാലിന്യങ്ങളും ഉള്ളതിനാൽ ദുർഗന്ധവുമുണ്ട്. മലിനജലം കനാലിനു തൊട്ടു താഴെയുള്ള നടവഴിയിലൂടെയും ഒഴുകുന്നുണ്ട്. രണ്ടാഴ്ചയായി മഴുക്കീർ, കോലിടത്തുശേരി, തിരുവൻവണ്ടൂർ പാടശേഖരത്തിലേക്ക് കൃഷിയ്ക്കാവശ്യമായ വെള്ളം പമ്പുചെയ്യുകയാണ്. മാലിന്യങ്ങൾ അടിഞ്ഞുകൂടിയത് കാരണം തിരുവൻവണ്ടൂർ, ഇരമല്ലിക്കര ഭാഗത്തേക്ക് വെള്ളം ലഭിക്കുന്നുമില്ല. വനവാതുക്കര ,തിരുവൻവണ്ടൂർ, കോലിടത്തുശേരി പ്രദേശത്ത് കിണറുവെള്ളത്തിന്റെ ക്ഷാമം പരിഹരിക്കപ്പെടുന്നത് കനാൽജലം ലഭ്യമാകുമ്പോഴാണ്.