 
പന്തളം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ശക്തമായ രാഷ്ട്രീയ ധ്രുവീകരണം നടന്നതായും എൻ.ഡി.എ മുന്നേറിയതായും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.പന്തളം നഗരസഭയിൽ തിരഞ്ഞെടുക്കപ്പെട്ട എൻ.ഡി.എ കൗൺസിർമാർക്ക് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശവിരുദ്ധരും ദേശസ്‌നേഹികളും തമ്മിലുള്ള പോരാട്ടമാണ് നടന്നത്. അധികാരത്തിൽ വരാൻ വർഗീയ ശക്തികളെ മതേതര പാർട്ടികൾ കൂട്ടുപിടിച്ചു. പന്തളത്തെ വിജയം ലോക അയ്യപ്പ വിശ്വാസികളെ ആഹ്‌ളാദത്തിലാക്കി.അയ്യപ്പ വിശ്വാസികളെയും, അയ്യപ്പക്ഷേത്രത്തെയും തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തിലെ പ്രധാനക്ഷേത്രനഗരങ്ങളിലെ വാർഡുകളിൽ ബി.ജെ.പി. വിജയിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി.യുടെ അടിത്തറ ഇളകുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിന്റെ വാർഡിൽ പോലും ബി.ജെ.പി.വിജയിച്ചു. പന്തളവും പാലക്കാടും ഒരു പ്രതീകംമാത്രമാണ്. തീവെട്ടിക്കൊള്ളക്കാർക്കെതിരെ ഇനിയും ജനവിധി ഉയരും.ബിജെ.പിയെ തകർക്കാൻ രാഷ്ട്രീയം മറന്ന് മതത്തിന്റെ പേരിൽ തീവ്രവാദികൾ ഒന്നിച്ചെന്നും സുരേന്ദ്രൻ പറഞ്ഞു. മുനിസിപ്പൽ പ്രസിഡന്റ് ടി.രൂപേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, ഡോ.ജെ.പ്രമീളാദേവി, അനിൽ നെടുമ്പള്ളിൽ, വി.സൂരജ്, രാജേഷ്‌തെങ്ങമം, ബിജു മാത്യു, രാജൻ പെരുമ്പക്കാട്, എം.ബി.ബിനുകുമാർ, അരുൺ പന്തളം, ഉണ്ണികുളത്തിനാൽ എന്നിവർ പ്രസംഗിച്ചു.