vineetha
വിനീത അനിലും പ്രവീൺ പ്ലാവിളയും

പത്തനംതിട്ട : യു.ഡി.എഫ് പാനലിൽ 1995 ൽ ചേച്ചി ജയിച്ച അതേ വാർഡിൽ 2015 ൽ കുഞ്ഞനിയന്റെ വിജയം. അതും എൽ.ഡി.എഫിന്റെ കോട്ട തകർത്തുള്ള വിജയങ്ങൾ. ഇത്തവണയും വിജയം ആവർത്തിച്ചിരിക്കുകയാണ് സഹോദരങ്ങളായ വിനീത അനിലും പ്രവീൺ പ്ലാവിളയും. പ്രവീൺ കോന്നി അതുമ്പുംകുളം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും വിനീത മെഴുവേലി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിലും വിജയിച്ചു. വിനീത അനിലിന്റെ അച്ഛന്റെ അനിയന്റെ മകനാണ് പ്രവീൺ പ്ലാവിളയിൽ. കവിയും സാംസ്കാരിക പ്രവർത്തകനും കൊല്ലം ഡി.സി.സി ഭാരവാഹിയുമായ കോന്നിയൂർ ത്യാഗരാജനാണ് വിനീതയുടെ അച്ഛൻ. അനിയൻ കോന്നിയൂർ വരദരാജനാണ് പ്രവീണിന്റെ പിതാവ്. തിരഞ്ഞെടുക്കപ്പെട്ട ആദ്യ കെ.പി.സി.സി മെമ്പർ ആയിരുന്നു അദ്ദേഹം.

രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബമായിരുന്നതിനാൽ ചെറുപ്പം മുതലേ തങ്ങൾ ത്രിവർണ പതാക കണ്ടാണ് വളർന്നതെന്ന് ഇരുവരും പറയുന്നു. പ്രവിണിന് കൊച്ചെച്ചിയാണ് വിനീത.

ഇടതുപക്ഷത്തിന് സ്വാധീനമുള്ള കോന്നിയിലെ ചൈനാമുക്ക് വാർഡ് ആദ്യമായി യു.ഡി.എഫ് പിടിച്ചെടുക്കുമ്പോൾ വിനീതയ്ക്ക് 22 വയസായിരുന്നു. അന്ന് പ്രവീൺ പ്രീ‌ഡിഗ്രി വിദ്യാർത്ഥിയും. വർഷങ്ങൾക്ക് ശേഷം അതേ വാർഡിൽ പ്രവീൺ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. വിവാഹശേഷം ഇലവുംതിട്ടയിലെത്തിയ വിനീത രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായി. 2010ൽ ഒരു വോട്ടിന് ഇലവുംതിട്ട കയ്യംന്തടത്തിൽ മത്സരിച്ച് പരാജയപ്പെട്ടു. അതേ വാർഡിൽ ഇത്തവണ വിജയിച്ച് മെഴുവേലി പഞ്ചായത്തിലെ തന്നെ ഏറ്റവും ഭൂരിപക്ഷമുള്ള സ്ഥാനാർത്ഥിയായി.

ഡി.സി.സി ജനറൽ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ വനിതാ സംഘം പ്രസിഡന്റ് എന്നീ നിലകളിലും ശ്രദ്ധേയയാണ് വിനീത. കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് ജില്ലാ ചെയർമാനും എഴുത്തുകാരനും കൂടിയാണ് പ്രവീൺ പ്ലാവിളയിൽ.