തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ ജനപ്രതിനിധികളായി.
കാലത്തിന്റെ മാറ്റത്തിന് അനുസൃതമായി പഞ്ചായത്തുകളുടെ പ്രവർത്തന രീതികളിലും മാറ്രമുണ്ടാകേണ്ടേ ? വികസന വിഷയങ്ങളും സങ്കൽപ്പങ്ങളും മാറേണ്ട സമയമായോ? ഇതേപ്പറ്റി പ്രമുഖർ സംസാരിക്കുന്നു.
ഇന്ന് െഎക്യരാഷ്ട്രസഭ ഗ്ലോബൽ ഗവേണൻസ് പ്രോഗ്രാമിന്റെ മുൻ തലവനും ഏഷ്യാ ഡെമോക്രസി നെറ്റ്വർക്ക് ചെയ്യർപേഴ്സണുമായ ജെ. എസ് അടൂർ സംസാരിക്കുന്നു.
ജനായത്ത ഭരണം ജനങ്ങളോട് ഏറ്റവും അടുത്തു നിൽക്കുന്നത് പഞ്ചായത്ത് തലത്തിലാണ്. അതുകൊണ്ട് തന്നെ കൂടുതൽ ജനപങ്കാളിത്തതോടു കൂടിയ തദ്ദേശ ഭരണം സാദ്ധ്യമാകുന്നത് പഞ്ചായത്ത് തലത്തിലാണ്. ഒരാൾ പഞ്ചായത്ത് /മുനിസിപ്പാലിറ്റി /കോർപ്പറേഷൻ അംഗമായാൽ എല്ലാവരുടെയും അംഗമാണ്. എല്ലാവരെയും ഉൾക്കൊണ്ടും ഉൾപ്പെടുത്തിയും സുതാര്യവും ഉത്തരവാദിത്തവും പങ്കാളിത്തവും ഉറപ്പിക്കുമ്പോഴാണ് പഞ്ചായത്തുകൾ ജനായത്ത സംവിധാനത്തിന്റെ മൂലക്കല്ലാകുന്നത്. അത് കക്ഷി രാഷ്ട്രീയതിന്നുപരിയായി എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുമ്പോഴാണ് ജനകീയ ജനായത്ത ഭരണമാകുന്നത്.
പഞ്ചായത്ത് രാജ് ഭരണ സംവിധാനം എല്ലാ അർത്ഥത്തിലും നവീകരിക്കേണ്ടതാണ്. നവീകരണം ആവശ്യമുള്ള വിവിധ രംഗങ്ങൾ.
1) എല്ലാ പഞ്ചായത്തിലും കുറഞ്ഞത് ഇരുന്നൂറ് പേർക്ക് മാന്യമായി ജീവിക്കുവാനുള്ള തൊഴിൽ നൽകുന്ന സംരഭങ്ങൾ തുടങ്ങുവാനുള്ള തദ്ദേശ സ്റ്റാർട്ട് അപ്പ് മിഷനുകൾ വേണം. അത് മുനിസിപ്പാലിറ്റി /കോർപ്പറേഷൻ തലത്തിലും വേണം. ഫുഡ് പ്രോസസ്സിംഗ് തൊട്ട് ഗവേഷണ സംരംഭങ്ങൾ വരെ തുടങ്ങാം . അത് സ്വകാര്യ - പഞ്ചായത്ത് തലത്തിൽ തുടങ്ങിയാൽ കേരളത്തിൽ അഞ്ചു ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാം.
2) കേരളത്തിൽ വ്യദ്ധരുടെ എണ്ണം വർദ്ധിക്കുകയാണ്. അതുകൊണ്ട് തന്നെ കേരളത്തിൽ ബ്ലോക്ക് പഞ്ചായത്ത് തലത്തിലും മുനിസിപ്പാലിറ്റി /കോർപ്പറേഷൻ തലത്തിലും വളരെ നല്ല രീതിയിൽ എൽഡേഴ്സ് ഹോമുകളും കെയർനെറ്റ് വർക്കുകളും നടത്തുവാൻ സാധിക്കും. പഞ്ചായത്ത് സഹകരണത്തോടെ സ്വകാര്യ മേഖലയിൽ ചെയ്യാവുന്ന കാര്യമാണ്. അത് അനേകർക്ക് തൊഴിൽ സാദ്ധ്യതകൾ നൽകും.
3). പഞ്ചായത്ത് തലത്തിൽ ദുരന്ത നിവാരണ വാളണ്ടിയർ സേന. എല്ലാ പഞ്ചായത്ത് /മുനിസിപ്പാലിറ്റി തലങ്ങളിലും നീന്തൽ ഉൾപ്പെടെ പരിശീലനം സിദ്ധിച്ച അമ്പത് വാളണ്ടിയർ സേന രൂപീകരിക്കണം. പഞ്ചായത്ത് /മുനിസിപ്പാലിറ്റി തലത്തിൽ വിവിധ തരം ദുരന്തങ്ങളെ നേരിടാനുള്ള പ്രാപ്തി നേടണം. റോഡ് അപകടങ്ങൾ കുറയ്ക്കാനുള്ള അവബോധവും പദ്ധതികളും നടപ്പക്കാണം.
4) മാലിന്യ റീ സൈക്ളിംഗും മാനേജ്‌മെന്റും അടിസ്ഥാന തലത്തിൽ ജന പങ്കാളിത്തത്തോടെ നടത്തുവാൻ സാധിക്കണം.
5). എല്ലാ ജലസ്രോതസ്സുകളും നദികളും തോടുകളും കുളങ്ങളും മാലിന്യ മുക്തമാക്കി പുനർജീവിപ്പിക്കുവാനുള്ള സംവിധാനമുണ്ടാകണം.
6) ഭക്ഷ്യ സുരക്ഷ. പഞ്ചായത്തിൽ കൃഷി സഹകരണ സംഘങ്ങളോടൊപ്പം തന്നെ എല്ലാവർക്കും പോഷക ആഹാരം ഉറപ്പാക്കുവാനുള്ള പദ്ധതികൾ സജീവമാക്കണം.