cpm

അടൂർ : ഒരുമുന്നണിക്കും കേവലഭൂരിപക്ഷമില്ലാത്ത ഏറത്ത് പഞ്ചായത്തിൽ ഏറ്റവും വലിയ കക്ഷിയെന്ന നിലയിൽ എൽ.ഡി.എഫിന് ഭരണം നിലനിറുത്താനായി. കഴിഞ്ഞ തിരഞ്ഞെടുപ്പിലും എൽ.ഡി.എഫ് അധികാരത്തിൽ വന്നെങ്കിലും അവസാന ഘട്ടത്തിൽ പ്രസിഡന്റ് സ്ഥാനം വച്ചുമാറുന്നതിനെ ചൊല്ലിയുള്ള തർക്കത്തി​നിടെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്ന് ഭരണം നഷ്ടമായിരുന്നു. എൽ. ഡി. എഫിന് ഇക്കുറിയും പ്രതീക്ഷയ്ക്കൊത്ത് സീറ്റ് നേടാൻ കഴിഞ്ഞില്ല. സി. പി. എമ്മി​നുള്ളിലെ പടലപിണക്കങ്ങളാണ് അതിന് കാരണം. ജില്ലാപഞ്ചായത്ത് ഏനാത്ത് ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പരാജയത്തിനും ഇത് കാരണമായി​. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകതയും ബി.ജെ.പിയുടെ മുന്നേറ്റവും കോൺഗ്രസിന്റെ വിജയ സാദ്ധ്യതയ്ക്കും മങ്ങലേൽപ്പിച്ചു. ബി.ജെ.പിയുടെ മൂന്ന് അംഗങ്ങൾ വിജയിക്കുകയും എട്ട് വാർഡുകളിൽ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. കക്ഷിനില: എൽ. ഡി. എഫ് - 8, യു. ഡി. എഫ് - 6, എൻ. ഡി. എ - 3 .

കഴിഞ്ഞ തവണ എൽ.ഡി.എഫിൽ നിന്ന് വിജയിച്ച് പ്രസിഡന്റ് പദവിയിലെത്തിയ പ്രസന്നകുമാരി ഇക്കുറി യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രയായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് യു.ഡി. എഫ് പിന്തുണയോടെ പ്രസിഡന്റായ ഷൈല റജി സി. പി. എം ടിക്കറ്റിൽ വീണ്ടും മത്സരിച്ചെങ്കി​ലും പരാജയപ്പെട്ടു. 65 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൻ.ഡി.എ വാർഡ് പിടിച്ചെടുത്തു. എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിൽ ചേർന്ന മുൻപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ തരകൻ ഏഴ് വോട്ടുകൾക്ക് വിജയിച്ചു. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ സി. പി. എമ്മി​ലെ ടി.ഡി. സജി എട്ടാം വാർഡിലും കോൺഗ്രസിലെ ഷൈലേന്ദ്ര നാഥ് പന്ത്രണ്ടാം വാർഡിലും പരാജയപ്പെട്ടു. എൽ.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചിട്ടും പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതയ്ക്ക് ആയതുവഴി 2010 ൽ പ്രസിഡന്റായ കോൺഗ്രസ് അംഗം ശോഭനാകുഞ്ഞുകുഞ്ഞ് അന്തിച്ചിറ വാർഡിൽ നിന്ന് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചതും എൽ.ഡി. എഫിന് മറ്റൊരു തിരിച്ചടിയായി. പതിനൊന്നാം വാർഡിൽ നിന്ന് വിജയിച്ച സി. പി. എമ്മി​ലെ സന്തോഷ് ചാത്തന്നൂപ്പുഴയ്ക്കായിരിക്കും പ്രസിഡന്റ് സ്ഥാനം. സി.പി.എം ലോക്കൽ കമ്മി​റ്റി സെക്രട്ടറിയായ ഡി. ജയകുമാർ വിജയിച്ചെങ്കിലും വിഭാഗീയ പ്രവർത്തനം നടത്തിയതായുള്ള വോയ്സ് ക്ളിപ്പ് പുറത്തുവന്നതോടെ ഇൗ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാദ്ധ്യതയ്ക്ക് മങ്ങലേറ്റു. സി.പി.ഐയ്ക്ക് ലഭിക്കേണ്ട വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വനിത ഇല്ലാത്തതിനാൽ അതും സി.പി.എമ്മി​ന് ലഭിക്കും.