കോന്നി: സ്വന്തം സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ സി.പി.എം നേതാക്കൾ ശ്രമിച്ചതായി ആരോപിച്ച് കോന്നി ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫിൽ നിന്നും സി.പി.ഐ വിട്ടു നിൽക്കും. ഗ്രാമ പഞ്ചായത്തിൽ നാല് സീ​റ്റുകളാണ് സി.പി.ഐയ്ക്ക് നൽകിയിരുന്നത്. ഇതിൽ രണ്ട് സീ​റ്റുകളിലാണ് വിജയപ്രതീക്ഷ ഉണ്ടായിരുന്നത്. മൂന്നാം വാർഡും, 14ാം വാർഡുമായിരുന്നു ഇത്. മൂന്നാം വാർഡിൽ സി.പി.ഐയിലെ ജോയിസ് ഏബ്രഹാം വിജയിക്കുകയും ചെയ്തു. എന്നാൽ 14ാം വാർഡിലെ സ്ഥാനാർത്ഥി തുഷാര ശ്രീകുമാർ ഒൻപത് വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.ഇതിനു കാരണം ചില സി.പി.എം നേതാക്കളുടെ തന്ത്രപൂർവമായ നീക്കങ്ങളായിരുന്നുവെന്നാണ് സി.പി.ഐയുടെ ആരോപണം. പ്രദേശവാസിയായ സി.പി.എം ലോക്കൽ കമ്മി​റ്റിയംഗത്തിന്റെ നേതൃത്വത്തിൽ ചിലർ ഇവിടെ സ്വതന്ത്ര സ്ഥാനാർഥിയെ നിറുത്തി വോട്ടുകൾ മറിക്കുകയായിരുന്നത്രേ. ഇവർ 158 വോട്ടുകൾ നേടുകയും ചെയ്തു.ലോക്കൽ കമ്മി​റ്റി അംഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന അട്ടിമറിയെക്കുറിച്ച് സി.പി.ഐ നേതാക്കൾ മുമ്പേ തെളിവു സഹിതം പരാതിപ്പെട്ടെങ്കിലും നടപടികളൊന്നും സ്വീകരിക്കാതെ മൗനംപാലിച്ചതാണ് തുച്ഛമായ വോട്ടുകൾക്ക് സി.പി.ഐ സ്ഥാനാർത്ഥി പരാജയപ്പെടാൻ കാരണമെന്ന് ലോക്കൽ കമ്മി​റ്റി സെക്രട്ടറി എ.ദീപകുമാർ പറഞ്ഞു. സി.പി.എംവിട്ട് ചിലർ സി.പി.ഐയിലേക്ക് മുമ്പ് ചേർന്നിരുന്നു. പ്രദേശവാസികളായ ഇവരെ കൂടി ലക്ഷ്യമിട്ടായിരുന്നു നീക്കങ്ങൾ നടന്നത്.കൂടെ നിന്ന് കാലുവാരുന്നവരോടൊപ്പം പ്രവർത്തിക്കാൻ ഇനി സി.പി.ഐ തയാറല്ലന്നും ദീപകുമാർ പറഞ്ഞു.