 
പത്തനംതിട്ട : റിബലുകളെ തലോടുന്ന സമീപനം കോൺഗ്രസ് മാറ്റണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ വിക്ടർ ടി. തോമസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പരാജയം സമ്മതിക്കുന്നു. എത്ര വന്നാലും പഠിക്കാത്ത പാർട്ടിയായി കോൺഗ്രസ് മാറുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
റിബലുകളെ ആറ് വർഷം പുറത്താക്കണമെന്ന നിർദേശം കർശനമായി പാലിക്കണം. റിബലുകൾ ജയിച്ചത് വലിയ കാര്യമായി കാണുന്നത് ശരിയല്ല. റിബലുകളെ പ്രോത്സാഹിപ്പിക്കരുതെന്നും തർക്കങ്ങൾ പരിഹരിക്കാൻ നേതൃത്വത്തിന് ആയില്ലെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസ് കെ. മാണി വിഭാഗത്തിനാണ് മുൻതൂക്കമെന്ന
പ്രസ്താവന അടിസ്ഥാനരഹിതവും സത്യവിരുദ്ധവുണ്. ജില്ലയിൽ ജോസഫ് വിഭാഗത്തിന്റെ ചെണ്ട ചിഹ്നത്തിൽ മത്സരിച്ച 32 സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ ജോസ് കെ. മാണി വിഭാഗത്തിന്റെ രണ്ടില ചിഹ്നത്തിൽ മത്സരിച്ച 21 പേർ മാത്രമാണ് വിജയിച്ചത്. ഇലക്ഷൻ കമ്മിഷന്റെ വെബ്‌സൈറ്റ് പരിശോധിച്ചാൽ ഇത് ബോദ്ധ്യപ്പെടും.
ത്രിതല പഞ്ചായത്തുകളിലെ അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ
പദവികളിൽ ഘടക കക്ഷികൾക്കും അർഹമായ പ്രാതിനിധ്യം നൽകുവാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണം. കാലുവാരലും റിബലുകളും കാരണമാണ് ഭൂരിഭാഗം വാർഡുകളിലും ജില്ലാ
പഞ്ചായത്തിലും ജയിക്കാൻ കഴിയാഞ്ഞത്. ഘടകകക്ഷികൾക്ക് സീറ്റ് കൊടുത്ത വാർഡുകളിൽ കോൺഗ്രസും സ്ഥാനാർത്ഥിയെ നിറുത്തി. വാർഡ് തലത്തിൽ തിരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ ഒരു സംവിധാനവും ഇല്ലായിരുന്നു. കൂട്ടായ ചർച്ചകളോ ഉഭയകക്ഷി ചർച്ചകളോ തിരെഞ്ഞടുപ്പ് സമയത്ത്
നടന്നിട്ടില്ല. ഓരോരുത്തർക്കും തോന്നിയപോലെ പ്രവർത്തിക്കുകയായിരുന്നു. പ്രശ്‌നങ്ങൾ വേഗം പരിഹരിച്ച് പോകണമെന്ന് കോൺഗ്രസ് നേത്യത്വത്തോട് നിരന്തരം ആവശ്യപ്പെട്ടിട്ടും ആരും ഗൗനിച്ചില്ലെന്നും കേരളാ കോൺഗ്രസ് ജോസഫ് ജില്ലാ പ്രസിഡന്റ് കൂടിയായ വിക്ടർ ടി. തോമസ് പറഞ്ഞു. സെകട്ടറി ബാബു വർഗീസ്, വി.ആർ.രാജേഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.