കൊടുമൺ : ഗ്രാമ പഞ്ചായത്തിന്റെ ഗ്രാമീണ വീഥികളിൽ ഇഴജന്തുക്കളും,കാട്ടുപന്നികളും,തെരുവ് നായ്ക്കളും കൈയടക്കി. ഇതോടെ പൊതുജനങ്ങൾ ദുരിതത്തിലായിരിക്കുകയാണ്. സന്ധ്യ മയങ്ങി കഴിഞ്ഞാൽ കാൽനാടയാത്ര ദുരിതത്തിലാണ്. പഞ്ചായത്തിലെ മിക്ക പാതകളിലെയും ഇപ്പോഴത്തെ അവസ്ഥ ഇതാണ്. ഗ്രാമീണ പാതകൾ മിക്കതും വൻ തോതിൽ കാട് കയറി കിടക്കുന്നതാണ് ഇതിന് പ്രധാന കാരണം. അങ്ങാടിക്കൽ ഹൈസ്കൂൾ - ചെറുകര പടി,തോപ്പിൽ പടി - ചാങ്കൂർ തറ, പെരിയ കോട് - തേപ്പുപാറ,കുളത്തിനാൽ - തേപ്പു പാറ,ഏഴംകുളം - കൈപട്ടൂർ,പുത്തൻകാവ് - രണ്ടാം കുറ്റി,തുടങ്ങി ഒട്ടുമിക്ക വഴികളിലും ഇതാണ് നിലവിലെ അവസ്ഥ. മിക്ക പാതകളിലെയും തെരുവ് വിളക്കുകൾ കൂടി മിഴിയടച്ചതോടെ സന്ധ്യ കഴിഞ്ഞാൽ പുറത്തേക്കിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്.കാട്ടുപന്നികൾ കൊടുമണ്ണിലെ കർഷകരുടെയും ജനങ്ങളുടെയും ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് നാളുകളായി. പരിഹാരങ്ങൾ കടലാസിലും മാത്രം ഒതുങ്ങുകയായായിരുന്നു. കുറച്ച് കാലം മുൻപ് വരെ തൊഴിലുറപ്പ് പദ്ധതിയിലുൾപെടുത്തി റോഡരികിലെ കാടുകൾ നീക്കം ചെയ്തിരുന്നെങ്കിലും നിർമ്മാണ പ്രവർത്തി ഒഴിവാക്കിയതോടെ ഗ്രാമീണ പാതകളുടെ സ്ഥിതി പഴയ പടി തന്നെ. പ്ലാന്റേഷൻ കോർപ്പറേഷനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളായതിനാൽ പകലെന്നോ രാത്രിയെന്നോ വ്യത്യസമില്ലാതെയാണ് പന്നിക്കൂട്ടങ്ങൾ നാട്ടിലേക്ക് എത്തുന്നത്. ഇതിന് പുറമേ തെരുവ് നായ്ക്കൾ കൂടി കളം പിടിച്ചതോടെ കൊടുമണ്ണിലെ ജനങ്ങൾ നട്ടം തിരിയുകയാണ്. അതിരാവിലെ എത്തുന്ന പാൽ,പത്രം വിതരണക്കാർ,ടാപ്പിംഗ് തൊഴിലാളികൾ എന്നിവരാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്.

കർഷക പുനരിധിവാസ പാക്കേജ് വേണം

കാട്ട് പന്നി ശല്യം കാരണം കൃഷിയിൽ നിന്ന് പിൻമാറുന്ന കർഷകർക്ക് ജീവിതം മുൻപോട്ട് കൊണ്ടുപോകുവാൻ പുനരിധിവാസ പാക്കേജ് നടപ്പിലാക്കണമെന്ന് പരിസ്ഥിതി സംരക്ഷണ ഹരിത വേദി ജില്ലാ കമ്മിറ്റി ആവശ്യപെട്ടു. പുലർച്ചെ കൃഷിയിടങ്ങളിലേക്ക് പോകുന്ന കർഷകർക്ക് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റാൽ അവരെ തിരിഞ്ഞ് നോക്കുവാൻ പോലും തയാറാകാത്തത് പൗരൻമാരുടെ ജീവനും സ്വത്തിനും വില കൽപ്പിക്കാൻ മടിക്കുന്ന അധികൃതരുടെ മനോഭാവത്തിന് തെളിവാണന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രസിഡന്റ് എ.സുസ് ലോവ് അദ്ധ്യക്ഷത വഹിച്ചു.