road
ഇഞ്ചപ്പാറ - കാരയ്ക്കാക്കുഴി റോഡിൽ കഴിഞ്ഞ ദിവസം ചാക്കിൽകെട്ടി തള്ളിയ മാലിന്യം

കൂടൽ : നാട്ടുകാരുടെ സ്വൈര്യം കെടുത്തി അറുവുശാലകളിലേത് ഉൾപ്പെടെയുള്ള മാലിന്യം നടുറോഡിൽ നിക്ഷേപിക്കുന്നത് പതിവാകുന്നു. കോന്നി - പത്തനാപുരം റോഡിൽ ഇഞ്ചപ്പാറ ജംഗ്ഷനിൽ നിന്നും അതിരുങ്കലേക്ക് പോകുന്ന പാതയിൽ ഇഞ്ചപാറയ്ക്കും കാരയ്ക്കാക്കുഴിക്കും ഇടയിലാണ് രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നത്. ഇന്നലെ ഈ പാതയിൽ 25 ചാക്കിൽ കെട്ടിയ മാലിന്യം നടുറോഡിൽ കൊണ്ടുതള്ളുകയായിരുന്നു.വാഹനത്തിൽ കൊണ്ടുവന്ന മാലിന്യം നിശ്ചിത അകലങ്ങളിലായിട്ടാണ് റോഡിൽ ഉപേക്ഷിച്ചത്. ഇന്നലെ രാവിലെ വാഹനയാത്രക്കാർക്കും നാട്ടുകാർക്കും ഇത് ഒരുപോലെ തലവേദന സൃഷ്ടിച്ചു. കാരയ്ക്കാക്കുഴി, അതിരുങ്കൽ മേഖലയിലേക്കുള്ള പ്രധാന പാതയാണിത്. നൂറ്കണക്കിന് കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശങ്ങളിലെ മാലിന്യനിക്ഷേപം സാംക്രമിക രോഗങ്ങൾ ഉൾപ്പെടെയുള്ളവ ക്ഷണിച്ചു വരുത്തുന്നതിന് ഇടയാക്കും. തെരുവ് നായ്ക്കളും പക്ഷികളും ഇത് വലിച്ചെടുത്ത് കിണറുകളിലും വീട്ടുപരിസരങ്ങളിലേക്കും കൊണ്ടിടുന്നത് പതിവാണ്. പരിസരമലിനീകരണം ഈ മേഖലയിൽ വ്യാപകമാണ്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താൻ യാതൊരു നടപടിയും അധികൃതർ എടുക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.വീടുകളിലോ വ്യാപാരസ്ഥാപനങ്ങളിലോ സി.സി.ടിവികൾ ഇല്ലാത്തതും ദൂരെ സ്ഥലങ്ങളിൽ നിന്നും വാഹനങ്ങളിൽ കയറ്റികൊണ്ടുവരുന്ന മാലിന്യങ്ങൾസുരക്ഷിതമായി നിക്ഷേപിക്കാൻ ഇക്കൂട്ടർക്ക് പ്രചോദനമാകുന്നു.

-------------------------------------

മാലിന്യം പൊതു ഇടങ്ങളിൽ തള്ളുന്നത് തടയാൻ അധികൃതർ കർശന നടപടി എടുക്കണം. ഇല്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകും

(പ്രദേശവാസികൾ)

------------------------------------

കാരയ്ക്കാക്കുഴി, അതിരുങ്കൽ മേഖലയിലേക്കുള്ള പ്രധാന പാത

---------------------------------------

-25 ചാക്കുകളിൽ മാലിന്യം തള്ളി

-നിരവധി ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശം

- കാമറകൾ ഇല്ലാത്തും പ്രശ്നം രൂക്ഷമാക്കുന്നു