തിരുവല്ല: നിയോജക മണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്രയധികം മുൻ അദ്ധ്യക്ഷന്മാരും പാർട്ടികളിലെ പ്രമുഖരും കൂട്ടത്തോടെ പരാജയത്തിന്റെ കൈയ്പ്പറിഞ്ഞത്. പാർട്ടി മാറിയതും വിജയിച്ചിരുന്ന സ്ഥിരം വാർഡ് മാറി മത്സരിച്ചതുമൊക്കെ പലർക്കും വിനയായി. നഗരസഭയിൽ മുൻ അദ്ധ്യക്ഷന്മാരായ ചെറിയാൻ പോളച്ചിറയ്ക്കൽ (ജോസ് വിഭാഗം), രാജു മുണ്ടമറ്റം (സ്വത.) എന്നിവരാണ് തോറ്റത്. കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു, കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ്‌, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ജോസ്, മുൻ പ്രസിഡന്റ് രാജേഷ് ചാത്തങ്കരി, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ഈപ്പൻ കുര്യൻ, നെടുമ്പ്രം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി സതീഷ് കുമാർ, ഭരണമികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്ക്കാരം നേടിയ ഇരവിപേരൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ.എൻ.രാജീവ് എന്നിവരുടെ പരാജയം ഇനിയും പലർക്കും വിശ്വസിക്കാനായിട്ടില്ല. അഞ്ച് വോട്ടിനാണ് രാജീവ് പരാജയപ്പെട്ടത്. തോൽവിക്ക് പിന്നിൽ പാളയത്തിൽ പടയാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.കവിയൂരിൽ എലിസബത്ത് മാത്യു മൂന്നാം സ്ഥാനത്തായി. പു.ക.സ ജില്ലാ സെക്രട്ടറി അഡ്വ.സുധീഷ് വെൺപാല കുറ്റൂർ പഞ്ചായത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എൽ.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് സുധീഷിനെ പരിഗണിക്കുമായിരുന്നു. എന്നാൽ പട ജയിച്ചപ്പോൾ പടത്തലവൻ നഷ്ടമായ സ്ഥിതിയായി. പാർട്ടികളും മുന്നണികളും ജയിക്കുമെന്ന് ഉറപ്പിച്ചവർ പോലും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് ചർച്ചയായിട്ടുണ്ട്.