കോഴഞ്ചേരി : ത്രിതല തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനേറ്റ തോൽവിയെത്തുടർന്ന് കോയിപ്രം പഞ്ചായത്തിലെ പുല്ലാട്, കുമ്പനാട് ലോക്കൽ കമ്മിറ്റികൾ പിരിച്ചുവിടാൻ സാദ്ധ്യത. തിരഞ്ഞെടുപ്പ് അവലോകനത്തിന് ശേഷമായിരിക്കും നടപടി സ്വീകരിക്കുക.
കോയിപ്രം പഞ്ചായത്തിലെ ആകെയുള്ള 17 സീറ്റിൽ എൽ.ഡി.എഫ് 6 വാർഡുകളിൽ വിജയിച്ചുവെങ്കിലും സി.പി.എമ്മിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. പാർട്ടി ചിഹ്നത്തിൽ 14ാം വാർഡിൽ മത്സരിച്ച ഇരവിപേരൂർ ഏരിയ കമ്മിറ്റിയംഗം ബിജു വർക്കി മാത്രമാണ് വിജയിച്ചത്. സി.പി.ഐ ചിഹ്നത്തിൽ 3 പേരും, കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിൽ നിന്ന് ഒരാളും ഒന്നാം വാർഡിൽ മത്സ
രിച്ച എൽ.ഡി.എഫ് സ്വതന്ത്രനുമാണ് വിജയിച്ച മറ്റുള്ളവർ. പഞ്ചായത്ത് ഭരണ സമിതിയിൽ സി.പി.ഐ, സി.പി.എമ്മിനേക്കാൾ വലിയ ഒറ്റകക്ഷിയായതും ചർച്ചയായിരിക്കുകയാണ്. പുല്ലാട് ലോക്കൽ കമ്മിറ്റി അംഗങ്ങളായ 3 പേരും പരാജയപ്പെട്ടു. ഇതിൽ ഒരാൾ പാർട്ടി ഏരിയകമ്മിറ്റിയംഗമാണ്.
കോയിപ്രം പഞ്ചായത്തിൽ എൽ.ഡി.എഫിന്റെ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ജിജി മാത്യുവിന് 1000 വോട്ടുകൾ ലഭിക്കുമെന്നാണ് രണ്ട് ലോക്കൽ കമ്മിറ്റികളും പാർട്ടി നേതൃത്വത്തിനുള്ള കൊടുത്ത കണക്ക്. എന്നാൽ 900 വോട്ടിന് ജിജി മാത്യു പിന്നിൽ പോകുകയായിരുന്നു. ഘടക കക്ഷികളായ സി.പി.ഐയും കേരള കോൺഗ്രസും വിജയിച്ച വാർഡുകളിൽ പോലും സി.പി.എമ്മിന്റെ ജില്ലാ സ്ഥാനാർത്ഥിക്ക് വോട്ടുകുറഞ്ഞത് ഗൗരവത്തോടെയാണ് നേതൃത്വം നോക്കികാണുന്നത്.
കോയിപ്രം മേഖലയിലെ വാർഡുകളിൽ മത്സരിച്ച സി.പി.എം സ്ഥാനാർത്ഥികൾ ജില്ലാ സ്ഥാനാർത്ഥികളുടെ അഭ്യർത്ഥനകൾ പോലും വീടുകളിൽ എത്തിച്ചില്ലായെന്ന പരാതി തിരഞ്ഞെടുപ്പ് സമയത്തുതന്നെ ഉയർന്നിരുന്നു.
ഏരിയ കമ്മറ്റിയംഗം പഞ്ചായത്തിൽ വിജയിച്ചതുതന്നെ നേരിയ വോട്ടുകൾക്കാണ് . എന്നാൽ വിമതനായി മത്സരിച്ച മുൻ കെ.എസ്.കെ.ടി.യു നേതാവിനാണ് രണ്ടാം സ്ഥാനം. മറ്റൊരു ഏരിയാകമ്മിറ്റിയംഗം പരാജയപ്പെട്ട വാർഡിലും സി.പി.എമ്മിന്റെ പ്രധാന എതിരാളി വിമത സ്ഥാനാർത്ഥി ആയിരുന്നു. ഇവർക്ക് 313 വോട്ടുകൾ ലഭിച്ചപ്പോൾ ഔദ്യോഗിക സ്ഥാനാർത്ഥിക്ക് 271 വോട്ടാണ് ലഭിച്ചത്. തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സംവിധാനം ഒറ്റക്കെട്ടായി പ്രവർത്തിപ്പിക്കാൻ സി.പി.എമ്മി രണ്ട് ലോക്കൽ കമ്മിറ്റി നേതൃത്വത്തിനും കഴിഞ്ഞില്ലന്ന് ആക്ഷേപമുണ്ട്.
രണ്ട് ലോക്കൽ കമ്മിറ്റിയിലെയും അംഗങ്ങൾ തമ്മിലുള്ള വിഭാഗീയതയും തിരഞ്ഞെടുപ്പ് രംഗത്ത് പ്രതിഫലിച്ചിരുന്നുവെന്നാണ് പാർട്ടി നേതൃത്വം കാണുന്നത്.
വീണ ജോർജ്ജ് എം.എൽ.എ നടത്തിയ വികസന പ്രവർത്തനങ്ങൾ പോലും വോട്ടാക്കി മാറ്റുന്നതിന് പാർട്ടിയുടെ പ്രാദേശിക നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തുന്നത്.
കൂടാതെ സി.പി.എമ്മിലെ ഇരവിപേരൂർ ഏരിയ കമ്മിറ്റിയംഗം തന്റെ തപാൽവോട്ട് യു.ഡി.എഫ് ജില്ലാ സ്ഥാനാർത്ഥിക്കാണ് ചെയ്തതെന്നുള്ള പരാതിയും പാർട്ടി അന്വേഷിക്കുമെന്നാണ് സൂചന.