sabari
ശബരി​മലയി​ൽ ഇന്നലെ നടന്ന പടി​പൂജ

ശബരിമല : നാൽപ്പത്തിയൊന്ന് ദിവസത്തെ തീർത്ഥാടനത്തിന് പരിസമാപ്തി കുറിച്ച് ശബരിമലയിൽ 26ന് നടക്കുന്ന മണ്ഡലപൂജയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ അണിയിക്കുന്നതിനുള്ള തങ്കഅങ്കി ഘോഷയാത്ര 22ന് പുലർച്ചെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. കൊവിഡ് മാനദണ്ഡം പാലിച്ച് ഇക്കുറി തങ്കഅങ്കിക്ക് വഴിനീളെയുള്ള സ്വീകരണം ഒഴിവാക്കിയിട്ടുണ്ട്. പരമാവധി നൂറിൽ താഴെ ആളുകൾ മാത്രമാകും ഘോഷയാത്രയെ അനുഗമിക്കുക. 25 ന് ഉച്ചയോടെ പമ്പയിൽ എത്തുന്ന ഘോഷയാത്രയെ ദേവസ്വം ഭാരവാഹികൾ ചേർന്ന് പമ്പ ഗണപതി ക്ഷേത്രത്തിലേക്ക് ആനയിക്കും. വൈകിട്ട് 3 മണിയോടെ തങ്കഅങ്കി പ്രത്യേക പേടകത്തിലാക്കി അയ്യപ്പസേവാസംഘം വോളണ്ടിയർമാരുടെ നേതൃത്വത്തിൽ ശബരിമലയിലേക്ക് പുറപ്പെടും. ശരംകുത്തിയിൽ നിന്ന് ദേവസ്വം ഭാരവാഹികൾ ചേർന്ന് സോപാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടികയറി എത്തുന്ന തങ്കഅങ്കിയെ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ.വാസുവിന്റെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് ഭാരവാഹികൾ ചേർന്ന് സ്വീകരിച്ച് സോപാനത്തേക്ക് ആനയിക്കും. തുടർന്ന് തങ്കഅങ്കി ചാർത്തി ദീപാരാധന നടക്കും. 26ന് ഉച്ചയ്ക്ക് 11.30 നും 12.30 നും മദ്ധ്യേയാണ് മണ്ഡലപൂജ. അന്നുവൈകിട്ട് അടയ്ക്കുന്ന നട മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് തുറക്കും.

വെർച്വൽക്യൂ ബുക്കിംഗ് പുനരാരംഭിച്ചില്ല

ആയിരക്കണക്കിന് ഭക്തരാണ് വെർച്വൽക്യൂ ബുക്കിംഗ് പുനരാരംഭിക്കുന്നത് കാത്തുകഴിയുന്നത്. മണ്ഡലപൂജയ്ക്ക് നടതുറന്ന ശേഷം ശബരിമലയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കും പൊലീസുകാരും ഉൾപ്പെടെ മുന്നൂറിലധികം പേർക്ക് കൊവിഡ് ബാധിച്ച പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിന് എതിർപ്പുള്ളതായി അറിയുന്നു. അതിനാൽ സർക്കാരും ഇക്കാര്യത്തിൽ അന്തിമമായ തീരുമാനം എടുക്കാത്തതാണ് വെർച്വൽ ക്യൂ ബുക്കിംഗ് പുനരാരംഭിക്കുന്നതിനുള്ള നടപടി വൈകുന്നത്. നിലവിൽ സാധാരണ ദിവസങ്ങളിൽ 2000 പേർക്കും ശനി, ഞായർ ദിവസങ്ങളിൽ 3000 പേർക്കും ദർശനം അനുവദിച്ചിട്ടുണ്ടെങ്കിലും ഇത്രയും പേർ ദർശനത്തിന് എത്തുന്നില്ല. ശനിയാഴ്ച രണ്ടായിരത്തി ഇരുനൂറിൽ താഴെ തീർത്ഥാടകരാണ് ദർശനത്തിന് എത്തിയത്. ശബരിമലയിൽ ഇപ്പോൾ കൊവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം നൂറ്റിഇരുപത് പേരേ പരിശോധിച്ചതിൽ ഏഴ് പേർക്ക് മാത്രമായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.