
മലയാലപ്പുഴ: പ്രസിഡന്റ് സ്ഥാനം വനിതസംവരണമായ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡായ വെട്ടൂർ കിഴക്കിൽ നിന്ന് വിജയിച്ച സി.പി.ഐയിലെ മുൻ ഗ്രാമപഞ്ചായത്തംഗം കൂടിയായ ഷീലകുമാരിയെ പ്രസിഡന്റാക്കാൻ ധാരണയായി. ഗ്രാമ പഞ്ചായത്തിലെ വാർഡുകളിൽ നിന്ന് വിജയിച്ച സി.പി.എം അംഗങ്ങളിൽ വനിതകളില്ലാത്തതിനാലാണ് സി.പി.ഐ അംഗത്തെ ഇടതു മുന്നിണി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
അഞ്ചാം വാർഡിൽ നിന്ന് വിജയിച്ച പഞ്ചായത്തിലെ ഏക തമിഴ് വംശജയായ അംഗം എൻ.വളർമതി, പത്താംവാർഡിൽ നിന്ന് വിജയിച്ച പ്രീജ. പി.നായർ, എന്നിവരാണ് മറ്റ് രണ്ട് സി.പി.ഐ അംഗങ്ങൾ. ഒന്നാം വാർഡായ വള്ളിയാനിയിൽ നിന്ന് വിജയിച്ച മുൻ അദ്ധ്യാപക സംഘടനാനേതാവ് കൂടിയായ മുതിർന്ന സി.പി.എം അംഗം കെ. ഷാജിയെയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. രണ്ടാം വാർഡിൽ നിന്ന് വിജയിച്ച രജനീഷ് ഇടമുറി, മൂന്നാം വാർഡിൽ നിന്ന് വിജയിച്ച മഞ്ചേഷ് വടക്കിനേത്ത്, നാലാം വാർഡിൽ നിന്ന് വിജയിച്ച എസ്.ബിജു എന്നിവരാണ് മറ്റ് സി.പി.എം അംഗങ്ങൾ. പതിനാല് വാർഡുകളുള്ള പഞ്ചായത്തിൽ എൽ.ഡി.എഫ് 7, എൻ.ഡി.എ 4, യു.ഡി.എഫ് 3 എന്നിങ്ങനെയാണ് കക്ഷിനില. കഴിഞ്ഞ തവണ എൽ.ഡി.എഫ് 7, എൻ.ഡി.എ 4, യു.ഡി.എഫ് 2, സ്വതന്ത്രൻ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഗ്രാമ പഞ്ചായത്തിന്റെ ചരിത്രത്തിൽ രണ്ടാം തവണയാണ് വനിത അംഗം പ്രസിഡന്റാവുന്നത്.