ചെങ്ങന്നൂർ: കൊലക്കേസ് പ്രതികൾ ചാരായം നിർമ്മിച്ചതിന് തടവും പിഴയും. താമരക്കുളം വേടരപ്ലാവ് വിളയിൽ വീട്ടിൽ സുനിൽ എന്ന് വിളിക്കുന്ന രതീഷ്‌കുമാർ (25), താമരക്കുളം കണ്ണനാംകുഴി, ലക്ഷ്മി ഭവൻ വീട്ടിൽ ശ്രീരാജ് (21), വള്ളികുന്നം കടുവിനാൽ മലവിള വടക്കേതിൽ വീട്ടിൽ സജു (25) എന്നിവരെയാണ് ചെങ്ങന്നൂർ അസിസ്റ്റന്റ് സെഷൻസ് ജഡ്ജി പി.സുധീർ ഒരു വർഷം തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. 218 ൽ ആഗസ്റ്റ് 2നാണ് കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതിയായ സുനിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ സുഹൃത്തും വള്ളികുന്നം സ്വദേശിയുമായ രഞ്ജിത്ത് എന്ന യുവാവിനെ പ്രതികൾ ചേർന്ന് ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് നൂറനാട് പൊലീസ് ഈ വീട്ടിൽ നിന്നും 10.75 ലിറ്റർ ചാരായവും, മറ്റ് വാറ്റ് ഉപകരണങ്ങളും കണ്ടെത്തുകയായിരുന്നു. പ്രതികളുടെ പേരിൽ കൊലപാതകത്തിലും, അനധികൃതമായി വാറ്റ് ചാരായം നിർമ്മിച്ചതിനും കേസുകൾ എടുത്തിരുന്നു. പ്രതികൾക്ക് എതിരെയുള്ള കൊലപാതക കേസ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയിൽ ഇപ്പോൾ വിചാരണയിൽ ഇരിക്കുകയാണ്. പ്രോസിക്യൂഷന് വേണ്ട് അഡീ.പബ്ലിക് പ്രോസിക്യൂട്ടർ റെഞ്ചി ചെറിയാൻ ഹാജരായി.