
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പുതിയ ജനപ്രതിനിധികളായി.
കാലത്തിന്റെ മാറ്റത്തിന് അനുസൃതമായി പഞ്ചായത്തുകളുടെ പ്രവർത്തന രീതികളിലും മാറ്രമുണ്ടാകേണ്ടേ ? വികസന വിഷയങ്ങളും സങ്കൽപ്പങ്ങളും മാറേണ്ട സമയമായോ? ഇതേപ്പറ്റി പ്രമുഖർ സംസാരിക്കുന്നു.
ഇന്ന് എഴുത്തുകാരനും കായംകുളം എം.എസ്.എം കേളേജ് അദ്ധ്യാപകനുമായ ഉണ്ണികൃഷ്ണൻ പൂഴിക്കാട് സംസാരിക്കുന്നു.
നാടിന്റെ പ്രാദേശിക സാംസ്‌കാരിക ചരിത്ര നിർമ്മിതി കൂടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ടതാണ്. അത് വരും തലമുറയ്ക്കുള്ള വഴികാട്ടിയാണ്. അവശേഷിക്കുന്ന മുതിർന്ന തലമുറയിൽനിന്ന് ആ നാടിന്റെ ഭൂതകാലചരിത്രം ചോദിച്ചറിഞ്ഞ് ലഭ്യമായ ചിത്രങ്ങൾ ശേഖരിച്ച് അതിനെ പ്രസിദ്ധീകരിക്കാൻ തയ്യാറാകണം.
പൊതുയിടങ്ങളുടെ സംരക്ഷണമാണ് ശ്രദ്ധപങ്കിടേണ്ട മറ്റൊരു കാര്യം. പഴയ മൈതാനങ്ങളേയും കളിയിടങ്ങളേയും ഒത്തുചേരുന്ന സ്ഥലങ്ങളെയും സംരക്ഷിക്കണം. പുതിയ കാലത്ത് അതൊക്കെ അന്യമാവുകയാണ്. അവ നിർമ്മിക്കാൻ കൂടി ഫണ്ട് കണ്ടെത്തണം. കോൺക്രീറ്റു റോഡുകൾ നാടുകളെ തമ്മിൽ ബന്ധിപ്പിക്കുമ്പോൾ പൊതുഇടങ്ങൾ കൂട്ടിച്ചേർക്കുന്നത് നാട്ടിലെ മനസ്സുകളെയാണല്ലോ.
സാംസ്‌കാരിക മേഖലയുടെ സംരക്ഷണത്തിനായി ഒന്നുകൂടി ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. വായനശാലകൾ, നാട്ടിൻപുറത്തെ യുവജനകൂട്ടായ്മകൾ, കലാസമിതികൾ ഇവയൊക്കെ സംരക്ഷിക്കേണ്ടത് നാടിന്റെ ആവശ്യമാണ്, കടമയാണ്. ഒരു വിദ്യാലയത്തിന്റെ ധർമ്മം തന്നെയാണ് യഥാർത്ഥത്തിൽ ഒരു വായനശാല നിറവേറ്റുന്നത്. കലാസമിതികളുടെ പ്രവർത്തനം ആ നാടിന്റെ സാംസ്‌കാരിക ചരിത്രം തന്നെയാണ്. കൊച്ചുവഴികൾപോലും ഇന്റർലോക്ക് ഇഷ്ടിക ഇട്ട് അലങ്കരിക്കുമ്പോൾ, ഈ സാംസ്‌കാരിക മുഖങ്ങൾക്കു നേരെ കുറ്റകരമായ അനാസ്ഥയാണ് നമ്മുടെ പ്രാദേശിക അധികാര കേന്ദ്രങ്ങൾ പുലർത്തുന്ന ഈ നിസംഗത. സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് കൃത്യമായ ലക്ഷ്യത്തോടെ ഒരു തുക മാറ്റി വെക്കാനുള്ള മാന്യത, ആണ്ടുതോറുമുള്ള പ്രോജക്ട് അംഗീകാരത്തിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളും കാണിക്കേണ്ടിയിരിക്കുന്നു. കേരളോത്സവം പോലുള്ള നാട്ടുത്സവങ്ങൾ വഴിപാടായി ആചരിക്കാതെ, സമൂഹത്തിന്റെ സമസ്തമേഖലകളിലുമുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കണം.
ജൈവമാലിന്യങ്ങളും ഇന്നൊരു സ്ഥിരകാഴ്ചയാകുന്നുണ്ട്. തെരുവുനായ ശല്യം പോലുള്ള പ്രശ്‌നങ്ങൾ അതിന്റെ അനുബന്ധമായുണ്ടാകുന്നു. അതിനൊരു പരിഹാരം ആവശ്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ നൽകേണ്ടത് അതിനാണ്.
അതോടൊപ്പം തന്നെ ഏറ്റവും കൂടുതൽ ശ്രദ്ധ നൽകേണ്ട ഒന്നാണ് നമ്മുടെ അവശേഷിക്കുന്ന ജല സ്രോതസ്സുകൾ. ഒരു കാലത്ത് ഏതൊരു നാടിന്റെയും ജലാവിശ്യങ്ങളേയും ഭംഗിയായി നിറവേറ്റിയിരുന്ന പ്രാദേശിക ജലാശയങ്ങൾ ഇന്ന് ഇല്ലാതായിരിക്കുന്നു. ഉള്ളവയാകട്ടെ, മലിന ജലാശയങ്ങളായി ജീർണ്ണാവസ്ഥയിലുമാണ്. അവയിൽ നിന്നുള്ള നീരൊഴുക്കുപോലും പുതിയ വികസന പദ്ധതികളുടെ ഭാഗമായി നിലച്ചിട്ടുമുണ്ട്. അത്തരത്തിലുള്ള ജലാശയങ്ങളെ, നീരൊഴുക്കുകളെ, മാലിന്യവിമുക്തമായി നിലനിറുത്തേണ്ടത് ആ നാടിന്റെ ജല സമൃദ്ധിക്കു കൂടി ആവശ്യമാണ്. കുളങ്ങളും തോടുകളും അടക്കമുള്ള ജല സംവിധാനങ്ങളെ സംരക്ഷിക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉത്തരവാതിത്വമായി ഏറ്റെടുക്കണം. അതൊരു പുതിയ പാരിസ്ഥിതിക ദർശനം കൂടിയാണ്.
റോഡ് നിർമ്മാണം, വ്യക്തിഗത ആനുകൂല്യവിതരണം തുടങ്ങിയ പ്രശ്‌നങ്ങളിൽ തന്നെ കുടുങ്ങിക്കിടക്കുകയാണ് വികസനത്തെക്കുറിച്ചുള്ള നമ്മുടെ അടിസ്ഥാന ധാരണങ്ങൾ. അവ ആവശ്യമില്ലെന്നല്ല പറയുന്നത്. അവയോടൊപ്പം തന്നെ ദീർഘദർശനത്തോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ട എത്രയോ വികസന സമീപനങ്ങളുണ്ട്. ഒട്ടുമിക്ക തദ്ദേശ സ്ഥാപനങ്ങളും അവയെ കാണാത്ത മട്ടാണ്.
നമ്മുടെ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കു നേരെ മുഖം തിരിക്കുന്ന സമീപനമാണ് ഒട്ടുമിക്ക വികസന പദ്ധതിയുടെയും നിർവ്വഹണത്തിലുള്ളത്. അല്ലെങ്കിൽ പരിസ്ഥിതി എന്നാൽ മാലിന്യനിർമ്മാർജ്ജനത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. പക്ഷേ, അതുപോലും കൃത്യമായി നിർവ്വഹിക്കപ്പെടുന്നില്ല.