chair

പത്തനംതിട്ട: ആർക്കും ഭൂരിപക്ഷമില്ലാതെ ത്രിശങ്കുവിലായ പത്തനംതിട്ട നഗരസഭയിൽ കോൺഗ്രസ് വിമതർ മനസ് തുറക്കുന്നത് കാത്തിരിക്കുകയാണ് മുന്നണികൾ. പാർട്ടി സീറ്റ് നൽകാത്തതിനെ തുടർന്ന് സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച കെ.ആർ.അജിത്കുമാറും ഇന്ദിരാ മണിയമ്മയും ഇന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം നിലപാട് അറിയിച്ചേക്കും. കോൺഗ്രസ് നേതൃത്വവുമായി ഇരുവരും ചർച്ച നടത്തിയിട്ടുണ്ട്. മുൻപ് മൂന്ന് തവണ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച അജിത്കുമാർ ഒരുതവണ വൈസ് ചെയർമാനായിരുന്നിട്ടുണ്ട്. ചെയർമാൻ, വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കുന്നതിന് അദ്ദേഹം മുന്നോട്ടു വച്ച ഉപാധികളിൽ നേതൃത്വം ഇന്ന് മറുപടി നൽകിയേക്കും. അദ്ദേഹവും ഇന്ദിരാ മണിയമ്മയും കൂടി പിന്തുണച്ചാൽ യു.ഡി.എഫിന്റെ അംഗബലം 15 ആകും. ഭൂരിപക്ഷത്തിന് രണ്ട് അംഗങ്ങളുടെ പിന്തുണ കൂടി വേണം. ഇവിടെ, മൂന്ന് എസ്.ഡി.പി.െഎ അംഗങ്ങളുടെയും ഒരു എസ്.ഡി.പി.െഎസ്വതന്ത്രയുടെയും നിലപാട് നിർണായകമാണ്. എസ്.ഡി.പി.െഎ അംഗങ്ങൾ ചെയർമാൻ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയോ പിന്തുണയ്ക്കുകയോ ചെയ്താൽ യു.ഡി.എഫിന് ഭരിക്കാം.

എൽ.ഡി.എഫിന് ഭരണം പിടിച്ചെടുക്കണമെങ്കിൽ നാല് അംഗങ്ങളുടെ പിന്തുണ വേണം. എസ്.ഡി.പി.െഎ അംഗങ്ങൾ വിട്ടു നിൽക്കുകയും കോൺഗ്രസ് വിമതർ പിന്തുണയ്ക്കുകയും ചെയ്താൽ മാത്രമേ എൽ.ഡി.എഫിന് ഭരണം ലഭിക്കൂ. വിമതർക്ക് ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾ നൽകിയുള്ള ധാരണയ്ക്ക് എൽ.ഡി.എഫ് തയ്യാറാകുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. ചെയർമാൻ സ്ഥാനത്തേക്ക് എൽ.ഡി.എഫ് പരിഗണിക്കുന്നത് സക്കീർ ഹുസൈനെയാണ്.