പത്തനംതിട്ട : നഗരസഭയിൽ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിഞ്ജ നടന്നു. പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടന്നത് . ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ അരുൺകുമാറായിരുന്നു വരണാധികാരി. ഏറ്റവും പ്രായംകൂടിയ അംഗമായ 29 -ാം വാർഡിൽ നിന്ന് വിജയിച്ച സ്വതന്ത്രനായ കെ. ആർ. അജിത്കുമാറാണ് വരണാധികാരി മുമ്പാകെ ആദ്യം സത്യപ്രതിഞ്ജ ചെയ്തത്. അജിത്കുമാർ മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലികൊടുത്തു. വാർഡ് ക്രമത്തിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തത്. കൊവിഡ് മാനദണ്ഡങൾ അനുസരിച്ചാണ് ചടങ്ങുകൾ നടന്നത്. വിവിധ പാർട്ടി പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.
എൽ.ഡി.എഫിന് പിന്തുണ നൽകി കെ.ആർ.അജിത് കുമാർ
പത്തനംതിട്ട : നഗരസഭയിൽ ഉപാധികളില്ലാതെ എൽ.ഡി.എഫിന് പിന്തുണ നൽകുമെന്ന് സ്വതന്ത്രനായ കെ.ആർ.അജിത്കുമാർ പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് ശേഷമാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. വാർഡിലെ നിരവധി ആളുകളുമായും ചർച്ച ചെയ്തിരുന്നു. നഗരത്തിന്റെ വികസനമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഉപാധികൾ ഒന്നും മുന്നാട്ടുവച്ചിട്ടില്ല. എല്ലാവരുടെയും അഭിപ്രായംകൂടി മാനിച്ചാണ് പിന്തുണയ്ക്കാൻ തീരുമാനിച്ചത്. ഭൂരിപക്ഷം തെളിയിക്കേണ്ടത് എൽ.ഡി.എഫ് നേതൃത്വമാണ്. സ്വതന്ത്രരുമായും ചർച്ച നടത്തുന്നുണ്ട്. എസ്.ഡി. പി.ഐയുമായി തനിക്ക് ഒരു അകൽച്ചയും ഇല്ല. തന്നെ വഞ്ചിച്ച ആളുകളുടെ ഒപ്പം നിൽക്കാൻ ആഗ്രഹിക്കുന്നില്ല . സുസ്ഥിരമായ ഭരണമാണ് ആഗ്രഹിക്കുന്നത്. അഞ്ച് വർഷവും ഭരിക്കാൻ കഴിയണം. നഗരത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പാക്കാനുണ്ട് . ശക്തമായ ഭരണ സംവിധാനമാണ് ആഗ്രഹിക്കുന്നതെനും അജിത്കുമാർ പറഞ്ഞു.
എസ്.ഡി.പി.ഐ നിലപാട് ഇന്നറിയാം
ആർക്ക് പിന്തുണ നൽകണമെന്ന് ഇന്ന് നടക്കുന്ന ജില്ലാ കമ്മിറ്റിയോഗത്തിൽ തീരുമാനിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അൻസാരി ഏനാത്ത് പറഞ്ഞു. നഗരസഭയിൽ സ്ഥിര ഭരണമാണ് ആഗ്രഹിക്കുന്നത്. ഭരണ സ്തംഭനം ആഗ്രഹിക്കുന്നില്ല. ഇരുമുന്നണികളുമായി ചർച്ചനടത്തിയിട്ടുണ്ട്. സ്വതന്ത്രരുടെ നിലപാടും നോക്കിയ ശേഷമാകും ആരെ പിന്തണക്കുമെന്ന് തീരുമാനിക്കുക. പത്തനംതിട്ട നഗരത്തിന്റെ വികസനമാണ് എസ്.ഡി.പി.ഐ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
"വികസനമാണ് ലക്ഷ്യം. അത് ആരായാലും പിന്തുണയ്ക്കും. അന്തിമ തീരുമാനം എടുത്തിട്ടില്ല. കോൺഗ്രസ് അനുഭാവിയാണ്. എന്റെ വാർഡിനും നാടിനും വികസനം വേണം. വരും ദിവസങ്ങളിൽ തീരുമാനം അറിയിക്കും. "
ഇന്ദിരാ മണിയമ്മ
(ജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥി)