കോന്നി: താലൂക്ക് ആസ്ഥാനത്തെ ഗ്രാമപഞ്ചായത്തായ കോന്നിയിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികൾക്കായി കോൺഗ്രസിൽ ശക്തമായ കരുനീക്കങ്ങൾ. 18 വാർഡുകളിൽ 12 സീറ്റ് നേടിയാണ് കോൺഗ്രസ് അധികാരത്തിൽ എത്തുന്നത്.എൽ.ഡി.എഫിന് അഞ്ചും, ബി.ജെ.പിയ്ക്ക് ഒരു സീറ്റുമാണുള്ളത്. പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായ ഇവിടെ കോൺഗ്രസിലെ മുൻ ഗ്രാമപഞ്ചായത്തംഗങ്ങളായ സുലേഖ വി.നായർ, അനിസാബു എന്നിവരുടെ പേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറെ പരിഗണിക്കുന്നത്.
പത്താം വാർഡ് ജനറൽ മണ്ഡലമായിരുന്നു. ഇവിടെ മുൻ ഗ്രാമ പഞ്ചായത്തംഗം കൂടിയായ സുലേഖയെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. ട്രേഡ് യൂണിയൻ നേതാവും, സി.പി.എം ഏരിയാ കമ്മിറ്റിയംഗവുമായ എം.എസ്.ഗോപിനാഥൻ നായരെയാണ് ശക്തമായ മത്സരത്തിൽ സുലേഖ പരാജയപ്പെടുത്തിയത്.ജനറൽ മണ്ഡലത്തിലെ സുലേഖയുടെ സ്ഥാനാർത്ഥിത്വം പാർട്ടിയ്ക്ക് ഏറെ ഗുണം ചെയ്തതായാണ് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. അതു കൊണ്ടു തന്നെ സുലേഖയെ പ്രസിഡന്റാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
മഹിളാ കോൺഗ്രസ് നേതാവ് അനിസാബു ഇത് മൂന്നാം തവണയാണ് 13ാം വാർഡിൽ നിന്നും വിജയിക്കുന്നത്. അനിസാബുവിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് മറുവിഭാഗവും ശക്തമായി വാദിക്കുന്നു. മുൻ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തംഗവും, മണ്ഡലം പ്രസിഡന്റുമായ റോജി ഏബ്രഹാമിനാണ് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കുക. രണ്ടാം വാർഡിൽ നിന്നും വിജയിച്ച തോമസ് കാലായിലിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്. മഹിളാ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റും, മുൻ ഗ്രാമ പഞ്ചായത്തംഗവുമായ ഷീജ ഏബ്രഹാം റിബൽ സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടും എൽ.ഡി.എഫ്, ബി.ജെ.പി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി മികച്ച പ്രകടനമാണ് തോമസ് കാലായിൽ കാഴ്ചവച്ചത്.ഈ പരിഗണന കൂടി നൽകണമെന്നാണ് പാർട്ടി നേതൃത്വത്തോട് പ്രാദേശിക നേതാക്കൾ ആവശ്യപ്പെടുന്നത്.അനിസാബു പ്രസിഡന്റായാൽ വൈസ് പ്രസിഡന്റ് പദവി റോജി ഏബ്രഹാമിനു നൽകുന്നത് സമുദായ സമവാക്യങ്ങളെ മാറ്റിമറിക്കുകയും എതിർപ്പുകൾ ഉണ്ടാകാനുള്ള സാദ്ധ്യതയും നിലനിൽക്കുന്നു. ഇക്കാര്യത്തിൽ അടൂർ പ്രകാശ് എം.പിയുടെ നിലപാടിനായിരിക്കും അംഗീകാരം ലഭിക്കാനുള്ള സാദ്ധ്യത കൂടുതൽ.