
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പുതിയ ജനപ്രതിനിധികളായി.
കാലത്തിന്റെ മാറ്റത്തിന് അനുസൃതമായി പഞ്ചായത്തുകളുടെ പ്രവർത്തന
രീതികളിലും മാറ്രമുണ്ടാകേണ്ടേ ? വികസന വിഷയങ്ങളും സങ്കൽപ്പങ്ങളും
മാറേണ്ട സമയമായോ? ഇതേപ്പറ്റി പ്രമുഖർ സംസാരിക്കുന്നു.
ഇന്ന് സാമൂഹിക പ്രവർത്തകയും നാരീശക്തി പുരസ്കാര ജേതാവുമായ ഡോ.എം.എസ്.സുനിൽ എഴുതുന്നു
പുതുമുഖങ്ങളും നേരത്തെ പലതവണ വിജയിച്ചവരും ചേർന്നതാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ. നാടിന്റെ സമഗ്ര വികസനമായിരിക്കണം ഒരോ ജനപ്രതിനിധിയുടെയും ലക്ഷ്യം. കൂട്ടായ പ്രവർത്തനങ്ങളിലൂടെയേ ഇത് നേടാനാകൂ. അതിന് ആദ്യം വേണ്ടത് ചിന്താഗതിയിലെ മാറ്റമാണ്. നാടിന് എന്താണ് ആവശ്യം എന്ന് ഒാരാേ ജനപ്രതിനിധിയും സ്വയം വിചിന്തനം നടത്തണം. പുതുതായി നേതൃസ്ഥാനത്ത് വരുന്നവർ ത്രിതല ഭരണ സംവിധാനത്തെക്കുറിച്ച് പഠിക്കണം. വികസനം പല പ്രദേശത്തും വ്യത്യസ്ത രീതിയിലാണ് നടപ്പാക്കേണ്ടത്. സാമൂഹിക സേവനം മാത്രമല്ല പഞ്ചായത്തുകൾ ലക്ഷ്യമാക്കേണ്ടത്. മറിച്ച് ജനങ്ങളുടെ ആവശ്യങ്ങൾ മുൻനിറുത്തിയും പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം.
ഗ്രാമസഭകൾ സമയാസമയങ്ങളിൽ ചേർന്ന് അതത് പ്രദേശത്തെ ആവശ്യങ്ങളും പ്രശ്നങ്ങളും മുൻഗണന അടിസ്ഥാനത്തിൽ ചർച്ച ചെയ്ത് പദ്ധതികൾ നടപ്പാക്കാനുള്ള രൂപരേഖ തയ്യാറാക്കണം.
തൊഴിലുറപ്പ് പ്രവൃത്തികൾ പ്രയോജനപ്രദമായി നടപ്പാക്കണം. വ്യത്യസ്തമായ കൃഷിരീതികൾ നടപ്പാക്കണം. ഒാരോ പ്രദേശത്തെയും തരിശ് ഭൂമികൾ കണ്ടെത്തി മണ്ണിന്റെ ഗുണമേൻമ പരിശോധിച്ച ശേഷം വേണം കൃഷി പദ്ധതികൾ നടപ്പാക്കാൻ. ഉൽപ്പാദിപ്പിക്കുന്ന വിളകൾക്ക് അതാത് പ്രദേശത്ത് പ്രാദേശിക വിപണികൾ തുറക്കണം. ന്യായവില സംവിധാനത്തിൽ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തണം.
ഒാരോ പഞ്ചായത്തിലും മാലിന്യ സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കണം. പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് കർശനമായി നിയന്ത്രിക്കണം.
ഗവ. സംവിധാനങ്ങൾ, മറ്റ് ഏജൻസികൾ, സന്നദ്ധ സംഘടനകൾ, പ്രവാസികൾ തുടങ്ങിയ കൂട്ടായ്മകളുടെ സഹകരണത്തോടെ തൊഴിൽ രഹിതരായ യുവാക്കളുടെ പട്ടിക തയ്യാറാക്കണം. അവർക്ക് അനുയോജ്യമായ സംരംഭങ്ങൾ ആരംഭിക്കണം.
ഒാരോ പഞ്ചായത്തിലും കൗൺസിലിംഗ് സെന്ററുകൾ ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്. ആളുകളുടെ വിവിധ തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇതിലൂടെ കഴിയണം.
ഗുണഭോക്താക്കൾക്ക് പഞ്ചായത്തുകൾ അനുവദിക്കുന്ന വീടുകളുടെ ഗുണനിലവാരം ഉറപ്പാക്കണം. വീടുകൾ അവർ സംരക്ഷിക്കുന്നുണ്ടോയെന്നും പരിശോധിക്കണം.
ഗ്രാമങ്ങളിൽ ഉയർന്ന സാങ്കേതിക നിലവാരമുള്ള റോഡുകൾ നിർമിക്കണം. സുരക്ഷിതമായ നടപ്പാത വേണം. വെള്ളം ഒഴുകാനുള്ള ഒാടകൾ നിർമിക്കണം.
പൊതുജനങ്ങളുടെ ആവശ്യത്തിന് വൃത്തിയുള്ള ശുചിമുറികൾ നിർമിക്കണം. അതിന്റെ പ്രവർത്തന ചുമതല തൊഴിൽ രഹിതർക്ക് നൽകണം. ഇതോടനുബന്ധിച്ച് വരുമാനമുണ്ടാക്കാനുതകുന്ന ഇക്കോഷോപ്പുകൾ നിർമിക്കണം.
പഞ്ചായത്തുകളിൽ പൊതുവായ വാഹന പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തണം. അത് പഞ്ചായത്തുകൾക്ക് വരുമാന മാർഗമാകണം.
ഉപയോഗ്യശൂന്യമായി കിടക്കുന്ന ജലാശയങ്ങൾ കണ്ടെത്തി പൊതുജനങ്ങളുടെയും മറ്റ് ഏജൻസികളുടെയും സഹകരണത്തോടെ നവീകരിക്കണം. നീന്തൽക്കുളങ്ങളുണ്ടാക്കി കുട്ടികൾക്കും യുവാക്കൾക്കും പരിശീലനം നൽകണം.
ഒാരോ പഞ്ചായത്തിലും ടൂറിസം സാദ്ധ്യതകളുളള മേഖലകൾ കണ്ടെത്തണം. ചെറുകിട ടൂറിസം പദ്ധതികൾ പഞ്ചായത്തുകളുടെ വരുമാന മാർഗമാകണം. എല്ലാ പഞ്ചായത്തുകളിലും കുട്ടികളുടെ പാർക്ക് നിർമിക്കണം. ഇത് തൊഴിൽ അവസരങ്ങൾ തുറക്കും. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസന പദ്ധതികളായിരിക്കണം പഞ്ചായത്തുകളിൽ നടപ്പാക്കേണ്ടത്.