പത്തനംതിട്ട- ജില്ലാ കളക്ടർ പി.ബി നുഹിന്റെ നേതൃത്വത്തിൽ ഓൺലൈനായി നടത്തിയ കോന്നി താലൂക്ക്തല പൊതുജന പരാതി പരിഹാര അദാലത്തിൽ പരിഹരിക്കാനായത് 21 പരാതികൾ. വിവിധ അക്ഷയ കേന്ദ്രങ്ങളുടെ പങ്കാളിത്തോടെയാണ് അദാലത്ത് നടത്തിയത്.
ഭൂമി സംബന്ധമായ പരാതികളാണ് കൂടുതലായും പരിഗണനയ്ക്ക് വന്നത്. ഇത്തരം പരാതികളിൽ തഹസീൽദാർ നേരിട്ടെത്തി സ്ഥലപരിശോധന നടത്തേണ്ടവ ഉൾപ്പെടെയുള്ള പരാതികൾ പരിശോധിച്ച് കുറഞ്ഞ സമയപരിധിക്കുള്ളിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി കോന്നി തഹസീൽദാർക്ക് നിർദേശം നൽകി. ആകെ ലഭിച്ച 21 പരാതികളിൽ ഒരെണ്ണം കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ പരാതിയിൻമേൽ കോടതിനടപടിപ്രകാരം മുന്നോട്ട് പോകാൻ പരാതിക്കാരന് നിർദേശം നൽകി. ബാക്കിയുള്ള പരാതികൾ സമയബന്ധിതമായി പരിഹാരംകാണാൻ ബന്ധപ്പെട്ട വകുപ്പ് ഉദ്യാഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.
പരാതിക്കാർ അക്ഷയ കേന്ദ്രങ്ങൾ മുഖേനയാണ് അദാലത്തിൽ പങ്കെടുത്തത്. അക്ഷയകേന്ദ്രങ്ങളിലൂടെ മുൻകൂട്ടി പരാതി രജിസ്റ്റർ ചെയ്തവർക്കാണ് ഓൺലൈനായി അദാലത്തിൽ പങ്കെടുത്ത് തങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണാൻ അവസരം ലഭിച്ചത്.
അദാലത്തിൽ എ.ഡി.എം അലക്‌സ് പി. തോമസ്, ആർ.ആർ ഡെപ്യൂട്ടി കളക്ടർ ജെസിക്കുട്ടി മാത്യു, ഐ.ടി. മിഷൻ ജില്ലാ പ്രോജക്ട് മാനേജർ ഷൈൻ ജോസ്, ജൂനിയർ സൂപ്രണ്ട് ഷിബു തോമസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.