 
പത്തനംതിട്ട : മൈലപ്രയിലെ ചായകടക്കാരൻ ചങ്ങായി ഇനി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിനെ നയിക്കും. എൻ.ഡി.എ സ്ഥാനാർത്ഥിയായി ജയിച്ച മൈലപ്ര പൂവണ്ണത്തു മുരുപ്പിൽ കെ.എസ്. പ്രതാപൻ നാടിന്റെ പ്രിയപ്പെട്ട ചായകടക്കാരനാണ്. 148 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം. അഞ്ച് വർഷമേ ആയുള്ളു കട തുടങ്ങിയിട്ട്. ആദ്യമായിട്ടാണ് ഒരു മത്സരത്തിനിറങ്ങുന്നത്. ജയിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. കൊവിഡ് സമയത്ത് അടക്കം നാടിനാെപ്പം പ്രവർത്തിയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. അവർക്ക് എന്നെ അറിയാം. അതായിരുന്നു ബലവും. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായിരുന്നു ഇവിടം. ഭാര്യ ശുഭയും മക്കളായ പ്രശാന്തും പ്രവീണും പൂർണ പിന്തുണ നൽകിയിരുന്നു.
മുമ്പ് മൈലപ്രയിൽ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. പിന്നീടാണ് ചായക്കട ആരംഭിച്ചത്. അത് നല്ല രീതിയിൽ ആയതോടെ സ്ഥിരമാക്കി :... പ്രതാപൻ പറഞ്ഞു.
പാവപ്പെട്ടവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. പ്രത്യേകിച്ച് കാട്ടുപന്നികളുടെ ആക്രമണത്തിൽ ഏറ്റവും തകർന്നിരിക്കുന്ന കർഷകരാണ് മൈലപ്രയിലേത്. അവർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കും.
കടയിലെത്തുന്നവർക്ക് ചായ അടിച്ച് നൽകുന്നതും പ്രതാപനാണ്. ഇനിയും തിരക്കുകൾ വർദ്ധിക്കുകയാണ്. നാട്ടിലെന്ത് കാര്യമുണ്ടായാലും പ്രതാപനെത്താറുണ്ട്. സാധാരണക്കാരനായകൊണ്ട് പാവപ്പെട്ടവരുടെ ബുദ്ധിമുട്ടുകൾ ഒരു പരിധി വരെ പ്രതാപന് അറിയാം. അത് തന്നെയാണ് ഊർജവുമെന്ന് അദ്ദേഹം പറയുന്നു.