അടൂർ : അടൂർ നഗരസഭയിലെ 28 അംഗങ്ങൾ സത്യപ്രതിജ്ഞചൊല്ലി അധികാരം ഏറ്റെടുത്തു. ഇന്നലെ ഒാൾ സെയിന്റ്സ് ഇംഗ്ളീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു ചടങ്ങ്. അടൂർ ആർ. ഡി. ഒ എസ്. ഹരികുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. 24 അംഗങ്ങൾ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലിയപ്പോൾ സി. പി. ഐ അംഗം സിന്ധു തുളസീധര കുറുപ്പ്, സി. പി. എം അംഗങ്ങളായ എസ്. ഷാജഹാൻ, ദിവ്യാറജി മുഹമ്മദ്, കെ. മഹേഷ് കുമാർ എന്നിവർ ദൃഢപ്രതിജ്ഞയാണ് എടുത്തത്. . തുടർന്ന് നഗരസഭാ ഹാളിൽ വി. ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ ആദ്യയോഗം ചേർന്നു. നഗരസഭാ സെക്രട്ടറി ആർ. കെ. ദീപേഷ് അംഗങ്ങളെ സ്വാഗതം ചെയ്തു. വരണാധികാരി പി. എസ്. കോശി 15 അംഗ കമ്മറ്റിയിലെ മുതിർന്ന അംഗവും കൊടുമൺ ഡിവിഷൻ പ്രതിനിധിയുമായ കുഞ്ഞന്നാമ്മ കുഞ്ഞിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ആദ്യ ബ്ളോക്ക് പഞ്ചായത്ത് കമ്മറ്റി കുഞ്ഞന്നാമ്മ കുഞ്ഞിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി രാജശേഖരൻ നായർ പുതിയ അംഗങ്ങളെ സ്വാഗതം ചെയ്തു.
ഏഴംകുളം പഞ്ചായത്തിലെ സത്യപ്രതിജ്ഞാ ചടങ്ങ് പഞ്ചായത്ത് അങ്കണത്തിൽ നടന്നു. വരണാധികാരികൂടിയായ റീ സർവേ സൂപ്രണ്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് സെക്രട്ടറി ഇന്ദുലേഖ പുതിയ അംഗങ്ങളെ സ്വാഗതം ചെയ്തു.
ഏറത്ത് ഗ്രാമപഞ്ചായത്തിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടന്നു. വരണാധികാരികൂടിയായ താലൂക്ക് സപ്ളൈ ഒാഫീസർ അനിൽ മുതിർന്ന അംഗം മറിയാമ്മ തരകന് സത്യവാചകം ചൊല്ലിക്കൊടുത്തു.