arrest
നിരണത്തെ അക്രമക്കേസിൽ അറസ്റ്റിലായ പ്രതികൾ

തിരുവല്ല: നിരണത്ത് സി.പി.എം സ്ഥാനാർത്ഥിയുടെ വിജയാഘോഷത്തിനിടെ വീട്ടമ്മയ്ക്ക് വെട്ടേറ്റ സംഭവത്തിൽ മൂന്നുപേർ കൂടി അറസ്റ്റിലായി. നിരണം അച്ചാവേലിൽ വീട്ടിൽ മെൽവിൻ (28), അച്ചാവേലിൽ അൽവിൻ (25), നാനാത്ര വടക്കേതിൽ കെവിൻ (20) എന്നിവരാണ് പിടിയിലായത്. സംഭവശേഷം ഒളിവിൽപോയ പ്രതികളെ പുളിക്കീഴ് പൊലീസിന്റെ നേതൃത്വത്തിൽ പലസ്ഥലങ്ങളിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ റിമാൻ‌ഡ് ചെയ്തു. നിരണം ആറാം വാർഡിൽ നിന്ന് മത്സരിച്ച ബി.ജെ.പി സ്ഥാനാർത്ഥി ശ്രീജിത്ത് സോമന്റെ മാതാവ് സരസമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. നേരത്തെ ആറുപേരെ പിടികൂടിയിരുന്നു. ആറാം വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബിനീഷ് കുമാറിന്റെ വിജയാഘോഷത്തിനിടെയായിരുന്നു ആക്രമണം. വലതുകൈയ്യുടെ തോളെല്ലിന് വെട്ടേറ്റ സരസമ്മ പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയിൽ ചികിത്സയിലാണ്.