konni

കോന്നി : ഗവ. മെഡിക്കൽ കോളേജിൽ മൂന്ന് മാസത്തിനുള്ളിൽ കിടത്തിച്ചി​കിത്സ തുടങ്ങും. കാഷ്വാലി​റ്റി, ഐ.സി.യു, ഓപ്പറേഷൻ തീയ​റ്റർ ഉൾപ്പടെയുള്ള സൗകര്യങ്ങളോടെയാണ് കിടത്തി ചികിത്സ ആരംഭിക്കേണ്ടത്.ഇതിനാവശ്യമായ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. ഒ.പി പ്രവർത്തനം വിലയിരുത്താനും തുടർ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച് ആലോചിക്കുന്നതിനുമായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കിടത്തി ചികിത്സ സംബന്ധിച്ച തീരുമാനമുണ്ടായത്.

ഒ.പി പ്രവർത്തനം മികച്ച നിലയിൽ മുന്നോട്ടു പോകുന്നതായും, സ്‌പെഷ്യാലി​റ്റി ഒ.പിയിലടക്കം രോഗികളുടെ എണ്ണം വർദ്ധിച്ചതായും യോഗം വിലയിരുത്തി.
രണ്ടാംഘട്ട നിർമ്മാണത്തിന് സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 241 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിർമ്മാണം നടത്തേണ്ട സ്ഥലത്ത് വലിയതോതിൽ പാറ പൊട്ടിച്ച് കൂട്ടിയിട്ടുണ്ട്. ഇത് നീക്കം ചെയ്യാൻ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.സി.എസ്.വിക്രമൻ, സൂപ്രണ്ട് ഡോ.എസ്.സജിത്കുമാർ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എബി സുഷൻ, എച്ച്.എൽ.എൽ ചീഫ് പ്രൊജക്ട് മാനേജർ ആർ.രതീഷ് കുമാർ, എൻജിനിയർ രോഹിത്ത് എന്നിവർ പങ്കെടുത്തു.

ഒ.പി പ്രവർത്തനം വിപുലീകരിക്കും
തിങ്കൾ മുതൽ ശനി വരെയുള്ള എല്ലാ ദിവസങ്ങളിലും ജനറൽ, ഫിസിഷ്യൻ എന്നീ ഒ.പി കൾ പ്രവർത്തിക്കുന്നുണ്ട്. ഇ.എൻ.ടി, പീഡിയാട്രിക്‌സ്, ഓർത്തോ, സർജറി, കമ്മ്യൂണി​റ്റി മെഡിസിൻ, ഒഫ്ത്താൽമോളജി, സൈക്യാട്രി എന്നീ ഒ.പിവിഭാഗങ്ങളും പ്രവർത്തിക്കുന്നു. ഒ.പി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിനും ത്വക്ക് രോഗവിഭാഗം ഉൾപ്പടെ ഉടൻ ആരംഭിക്കുന്നതിനും തീരുമാനിച്ചു.

മറ്റ് പ്രധാന തീരുമാനങ്ങൾ
ബഡ്ജ​റ്റിൽ ലഭ്യമായ 5 കോടി രൂപ വിനിയോഗിച്ച് മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കാൻ ഉപയോഗിക്കുന്നതിനും തീരുമാനമായി.ഇതിനായി നടപടി സ്വീകരിക്കാൻ പ്രിൻസിപ്പാളിനെ ചുമതലപ്പെടുത്തി.
ആശുപത്രി വികസന സമിതി രൂപീകരിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് ഉടൻ ഉണ്ടാകുമെന്ന് എം.എൽ.എ യോഗത്തെ അറിയിച്ചു.
അൾട്രാസൗണ്ട് സ്‌കാനർ, എക്‌സറേ മെഷീൻ, ഓട്ടോമാ​റ്റിക്ക് അനലൈസർ എന്നിവ ഉടൻ സ്ഥാപിക്കുമെന്ന് മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ അറിയിച്ചിട്ടുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നാണ് ഇവ ലഭ്യമാക്കുന്നത്.