പള്ളിക്കൽ : ഇടതുപക്ഷത്തിന് ഭൂരി പക്ഷം ലഭിച്ച പള്ളിക്കൽ പഞ്ചായത്തിലും കടമ്പനാട് പഞ്ചായത്തിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ചർച്ചകൾ സജീവമായി. 23 വാർഡുകളുള്ള പള്ളിക്കലിൽ 15 സീറ്റു നേടിയാണ് ഇടതുപക്ഷം ഭരണം നിലനിറുത്തിയത്. അഞ്ച് സീറ്റ് യു.ഡി.എഫ് നേടിയപ്പോൾ രണ്ട് സീറ്റ് സ്വതന്ത്രരും, ഒരു സീറ്റ് ബി.ജെ.പിയും നേടി. പ്രസിഡന്റ് സ്ഥാനം വനിതാസംവരണമാണിവിടെ. കഴിഞ്ഞ തവണയും വനിതാസംവരണമായിരുന്നു. ആറാം വാർഡിൽ നിന്ന് ഇടതുപക്ഷസ്ഥാനാർത്ഥിയായി ജയിച്ച ഷീനാ റെജി, അഞ്ചാം വാർഡിൽ നിന്നു ജയിച്ച യമുനാ മോഹൻ എന്നിവരെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. 23-ാം വാർഡിൽ നിന്നും വിജയിച്ച സുശീല കുഞ്ഞമ്മ കുറുപ്പിനെ പരിഗണിക്കണമെന്ന് തെങ്ങമത്തുനിന്നുള്ള സി.പി.എം. പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്. കടമ്പനാട്ടും പ്രസിഡന്റെ പദം വനിത സംവരണമാണ്. കഴിഞ്ഞതവണ പട്ടികജാതി സംവരണമായിരുന്നു. പാണ്ടി മലപ്പുറം 12-ാം വാർഡിൽ നിന്നും വിജയിച്ച സിന്ധു ദിലീപിനാണ് പ്രഥമ പരിഗണന. 17-ാം വാർഡിൽ നിന്ന് വിജയിച്ച ചിത്രാ രഞ്ജിത്തിന്റെ പേരും ,5ാം വാർഡിൽ നിന്നു വിജയിച്ച പ്രിയങ്ക പ്രതാപിന്റെ പേരും പരിണിക്കുന്നു. പള്ളിക്കലും കടമ്പനാട്ടും വൈസ് പ്രസിഡന്റ സ്ഥാനം സി.പി.ഐ.ക്കാണ് നൽകുന്നത്. പള്ളിക്കലിൽ പ്രസിഡന്റ് സ്ഥാനം വനിതയായതിനാൽ പുരുഷനെ വൈസ് പ്രസിഡന്റാക്കുകയാണെങ്കിൽ 10-ാം വാർഡിൽ നിന്നും വിജയിച്ച എസ് സുജിത്തും ,സ്തീകളെ തന്നെ പരിഗണിച്ചാൽ മുൻ വൈസ് പ്രസിഡന്റുമാർ കൂടിയായ ആശാ ഷാജിയും, ഒൻപതാം വാർഡിൽ നിന്നു വിജയിച്ച ഷൈല ജാ പുഷ്പനും സാദ്ധ്യതയുണ്ട്. കടമ്പനാട്ട് 13-ാം വാർഡിൽ നിന്നും വിജയിച്ച നിലവിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായിരുന്ന എസ്.രാധാകൃഷ്ണനാകും സാദ്ധ്യത.