ഇളമണ്ണൂർ: സി..പി.എമ്മിനെതിരെ സി.പി.ഐ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയതോടെ ഏനാദിമംഗലം പഞ്ചായത്തിൽ ഇടതുമുന്നണിയിൽ പൊട്ടിത്തെറി . 15 വാർഡുകളുള്ള പഞ്ചായത്തിൽ സി.പി.ഐയുടെ എല്ലാ സ്ഥാനാർത്ഥികളും ദയനീയമായി പരാജയപെട്ടിരുന്നു. വൈസ്.പ്രസിഡന്റ് സ്ഥാനം പ്രതീക്ഷിച്ച് മത്സരിച്ച കെ.സേതു കുമാർ എൻ.ഡി എ യുടെ ആർ.സതീഷ് കുമാറിനോട് തോറ്റതും വലിയക്ഷീണമായി . മുന്നണി ധാരണയനുസരിച്ച് സി.പി ഐക്ക് അർഹതപ്പെട്ടവാർഡുകളിൽ സി.പി.എം നിശ്ചയിച്ച സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാതെ സി.പി ഐ സ്വന്തമായി സ്ഥാനാർത്ഥികളെ നിറുത്തിയതിന് സി.പി.എമ്മിന്റെ പകപോക്കലാണ് പരാജയത്തിന് കാരണമെന്ന് സി.പി.ഐ ലോക്കൽ കമ്മറ്റി സെക്രട്ടറി ആർ.സുഭാഷ് കുമാർ പറഞ്ഞു. പുതുവൽ വാർഡിൽ ബദൽ സ്ഥാനാർത്ഥിയെ നിറുത്തിയാണ് പരാജയപ്പെടുത്തിയത്. സി.പി ഐക്ക് ഏനാദിമംഗലത്തുണ്ടായ വളർച്ചയിൽ വിറളിപൂണ്ട് പരാജയ പ്പെടുത്താൻ പ്രവർത്തിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സുഭാഷ് കുമാർ ആവശ്യപ്പെട്ടു. ഇന്നലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് പ്രതിഷേധ സൂചകമായി സി.പി ഐ വിട്ടുനിന്നു.

പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള അംഗത്തിന് പ്രസിഡന്റ് പദവി നൽകണമെന്ന്

ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള പ്രതിനിധിക്ക് നൽകണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും സി. പി.എമ്മിന് ഭരണം ലഭിച്ചിട്ടും പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച പിന്നാക്ക വിഭാഗക്കാരിയെ ഒഴിവാക്കി മുന്നാക്ക വിഭാഗത്തിൽ നിന്ന് എൽ. ഡി. എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച വനിതയെ ചില നേതാക്കളുടെ കടുംപിടുത്തത്തിന് വഴങ്ങി പ്രസിഡന്റാക്കുകയായിരുന്നു. രണ്ടര വർഷം കഴിഞ്ഞ് പ്രസിഡന്റ് സ്ഥാനം പിന്നാക്ക വിഭാഗത്തിൽപ്പെട്ട വനിതയ്ക്ക് നൽകാമെന്ന ധാരണയിലായിരുന്നു ആദ്യടേം നൽകിയത്. എന്നാൽ രണ്ടരവർഷം പിന്നിട്ടതോടെ ഇൗ ആവശ്യം സി. പി. എമ്മിൽ ഉൾപ്പെടെ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നാക്ക - പട്ടികജാതി വിഭാഗത്തിന് മുൻതൂക്കമുള്ള പഞ്ചായത്തിൽ ഇക്കുറിയും പ്രസിഡന്റ് സ്ഥാനം പിന്നാക്ക വിഭാഗത്തിന് നൽകാതിരിക്കാനുള്ള അണിയറ നീക്കം ആരംഭിച്ചിട്ടുണ്ട്. ആറാം വാർഡിൽ നിന്ന് 181 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ശങ്കർ മാരൂരിനെ പ്രസിഡന്റാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഡി. വൈ. എഫ്. ഐ നേതാവും പാർട്ടി അംഗവുമായ ശങ്കർ മാരൂർ മാത്രമാണ് എൽ. ഡി. എഫിലെ ഏക ഇൗഴവ പ്രതിനിധി. എസ്. എൻ. ഡി. പി ശാഖായോഗം ഭാരവാഹികൾക്കും ഇൗ നിലപാടാണ്.