girishkumar
അപകടത്തിൽ മരിച്ച ഗിരീഷ്‌കുമാർ

മല്ലപ്പള്ളി : പാറമടയിൽ നിന്ന് കരിങ്കല്ല് കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് പാറക്കുളത്തിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. നങ്ങ്യാർകുളങ്ങര ചേപ്പാട് കരീലകുളങ്ങര പുത്തൻകണ്ടത്തിൽ പുഷ്‌കരന്റെ മകൻ പി. ഗിരീഷ്‌കുമാർ (45) ആണ് മരിച്ചത്. ഹരിപ്പാട് വെട്ടുവേനി സ്വദേശിയുടെ ടിപ്പർ ലോറിയുമായി ഇന്നലെ പുലർച്ചെയാണ് ഗിരീഷ് എഴുമറ്റൂരിലെത്തിയത്. കരിങ്കല്ലുമായി മടങ്ങുമ്പോൾ എഴുമറ്റൂർ - മേത്താനം റോഡരികിൽ 35 അടി താഴ്ചയിൽ വെള്ളംകെട്ടിക്കിടന്ന പാറമടയിലേക്ക് മറിയുകയായിരുന്നു. ക്യാബിനിൽ കുടുങ്ങിക്കിടന്ന ഗിരീഷിനെ നാട്ടുകാർ അരമണിക്കുറോളം ശ്രമിച്ച് പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് ഗിരീഷ്.

തിരുവല്ലയിൽ നിന്നെത്തിയ ഫയർ ആൻഡ് റസ്‌ക്യൂ അസി. സ്റ്റേഷൻ മാസ്റ്റർ എസ്. സുരേഷ്, ഫയർമാൻമാരായ ജി. സുന്ദരേശൻ നായർ, ഉണ്ണിക്കൃഷ്ണൻ, പൊൻരാജ്, നിധിൻ, ഉമേഷ്, ശശികുമാർ, എസ്. ലാലു, ഷിജുമോൻ എന്നിവരുടെ നേതൃത്വത്തിൽ ക്രെയിനിന്റെ സഹായത്തോടെയാണ് ലോറി പുറത്തെടുത്തത്.