ചെന്നീർക്കര: ചെന്നീർക്കര പഞ്ചായത്തിൽ യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടതിന് കാരണക്കാർ കോൺഗ്രസിലെ പ്രസിഡന്റ് മോഹികളാണെന്ന് പാർട്ടിയിൽ വിമർശനം. 14 വാർഡുകളിൽ നാലെണ്ണമാണ് യു.ഡി.എഫിന് കിട്ടിയത്. വിജയ സാദ്ധ്യതയുള്ള പ്രവർത്തകരെ വെട്ടി നാട്ടുകാരുമായി ബന്ധമില്ലാത്ത പ്രസിഡന്റ്, വൈസ് പ്രസിഡന്റ് മോഹികളെ ഗ്രൂപ്പ് മാനേജർമാർ തിരുകിക്കയറ്റിയെന്നാണ് ആക്ഷേപം.

മേൽഘടകത്തിന്റെ നിർദേശ പ്രകാരം വിജയസാദ്ധ്യതയുള്ള പ്രവർത്തകരെ സ്ഥാനാർത്ഥികളായി നിശ്ചയിച്ചപ്പോഴാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികൾ ജനറൽ വിഭാഗത്തിനാണെന്ന് അറിയിപ്പുവന്നത്. ഇതോടെ ജില്ലാ നേതൃത്വത്തിന്റെ മൗനാനുവാദത്തോടെ ഗ്രൂപ്പ് നേതാക്കൾ രംഗത്ത് വന്ന് സ്ഥാനാർത്ഥി പട്ടിക അട്ടിമറിച്ചു. മണ്ഡലം പ്രസിഡന്റ് വർഗീസ് മാത്യുവിന്റെ സ്വന്തം വാർഡായ ഇടനാട്ട് കോൺഗ്രസ് സ്ഥാനാർത്ഥിയായ വി.ജെ.ജോസിന് ലഭിച്ചത് 94 വോട്ടാണ്. ജയസാദ്ധത്യയുള്ള സീറ്റ് തേടി മുട്ടുകുടുക്ക വാർഡിൽ മത്സരിച്ച വർഗീസ് മാത്യു നാലാം സ്ഥാനത്തായി.

പ്രസിഡന്റ് പദവി ലക്ഷ്യമിട്ടിരുന്ന മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും ബ്ളോക്ക് പഞ്ചായത്തംഗവുമായിരുന്ന കെ.എസ്.പാപ്പച്ചൻ വാലുതറ വാർഡിൽ കോൺഗ്രസ് വിമത സ്ഥാനാർത്ഥി ജോർജ് തോമസിനോട് 94 വോട്ടുകൾക്ക് പരാജയപ്പെട്ടു.

ഭൂരിപക്ഷം ലഭിച്ചാൽ പ്രസിഡന്റാക്കാൻ പ്രാദേശിക കമ്മറ്റി തീരുമാനിച്ചിരുന്ന രഞ്ജൻ പുത്തൻപുരയ്ക്കലിന് പാർട്ടി സീറ്റ് നിഷേധിച്ചു. ചെന്നീർക്കര വാർഡിൽ സ്വതന്ത്രനായി മത്സരിച്ച അദ്ദേഹം 400 വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി. ഇവിടെ എൽ.ഡി.എഫ് 11 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

സംവരണ വാർഡായ മാത്തൂരിൽ സീറ്റ് നിഷേധിക്കപ്പെട്ട രാധാമണി സ്വതന്ത്രയായി മത്സരിച്ച് 148 വോട്ടു നേടി. ഇവിടെ ബി.ജെ.പി വിജയിച്ചു.

വിമതരായി മത്സരിച്ചതിനെ തുടർന്ന് പുറത്താക്കപ്പെട്ട സ്ഥാനാർത്ഥികൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ മത്സരിച്ചവരേക്കാൾ കൂടുതൽ വോട്ടുകൾ നേടിയത് ശ്രദ്ധേയമായി.