ശബരിമല- മണ്ഡലകാലത്തോട് അനുബന്ധിച്ച് ശബരിമലയിലും പരിസരങ്ങളിലും വനം വകുപ്പ് പുലർത്തുന്നത് കനത്ത ജാഗ്രത. കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രിത തോതിലെത്തുന്ന ഭക്തരെ പുലർച്ചെയും രാത്രിയും കാനന പാതയിൽ അനുഗമിക്കുന്നത് ഉൾപ്പെടെ നിരവധി സേവനങ്ങളാണ് വനംവകുപ്പ് നൽകുന്നത്. വനം വകുപ്പിന്റെ പെരിയാർ വെസ്റ്റ് ഡിവിഷനിലെ പമ്പ റേഞ്ചിന് കീഴിലാണ് സന്നിധാനവും പരിസരവും ഉൾപ്പെടുന്ന മല നിരകൾ.
 
 
 
	- പമ്പയിൽ സ്ഥിതിചെയ്യുന്ന സന്നിധാനം ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ഡിഎഫ്ഒ റാങ്കിലുള്ള ഒരു ഫോറസ്റ്റ് സ്പെഷൽ ഓഫീസർക്കാണ് ഈ ഓഫീസിന്റെ ചുമതല. ഇതിന് കീഴിൽ പമ്പയിലും സന്നിധാനത്തുമായി രണ്ട് കൺട്രോൾ റൂമുകളും രണ്ട് റേഞ്ച് ഓഫീസർമാരുമുണ്ട്. കൺട്രോൾ റൂമുകളുടെ പ്രവർത്തനം സുഗമമാക്കുന്നതിനായി കരിമല, നാലാംമൈൽ, സന്നിധാനം എന്നിവിടങ്ങളിൽ മൂന്ന് ഔട്ട് പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഒരു സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, പ്രൊട്ടക്ഷൻ വാച്ചർമാർ എന്നിവർ സ്ഥിരം ഡ്യൂട്ടിയിലുള്ളവരാണ്. മണ്ഡലകാലത്തെ തിരക്കിനോട് അനുബന്ധിച്ച് ആവശ്യാനുസരണം ഈ ഓഫീസുകളിൽ അധിക സേനയെ വിന്യസിക്കും.
-  
- സന്നിധാനത്തെ കൺട്രോൾ റൂമിൽ സ്ഥിരം ജീവനക്കാർക്ക് പുറമേ പത്തോളം ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരും വാച്ചർമാരും ഈ മണ്ഡലകാലത്ത് സ്പെഷൽ ഡ്യൂട്ടിയിലുണ്ട്. പെരിയാർ ടൈഗർ റിസർവ്വിന് കീഴിൽ വരുന്ന കോട്ടയം, ഇടുക്കി, പത്തനംതിട്ട റേഞ്ചുകളിൽ നിന്നുള്ളവരെ 15 ദിവസം വീതം ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഇവിടേക്ക് സേവനത്തിന് നിയോഗിക്കുന്നത്. പരിശീലനം സിദ്ധിച്ച എലഫന്റ് സ്ക്വാഡ്, പാമ്പ് പിടിക്കുന്ന ജീവനക്കാരൻ എന്നിവരും സംഘത്തിലുണ്ടാവും. ഇതോടൊപ്പം തോക്കുൾപ്പെടെയുള്ള ആയുധങ്ങളും ഉപകരണങ്ങളും സന്നിധാത്തെ കൺട്രോൾ റൂമിൽ സജ്ജമാക്കിയിട്ടുണ്ട്.
-  
- ഈ മണ്ഡല കാലത്ത് ഭക്തരുടെ തിരക്കില്ലാത്തതിനാൽ പലപ്പോഴും വന്യമൃഗങ്ങൾ കാനന പാതയിലിറങ്ങുന്ന സംഭവമുണ്ടായിരുന്നു. ഇതേ തുടർന്ന് പമ്പയിൽ നിന്ന് പുലർച്ചെ നാല് മണിക്ക് ആദ്യം പുറപ്പെടുന്ന ഭക്തരോടൊപ്പം പമ്പയിൽ നിന്നുള്ള വനം വകുപ്പ് സംഘം ചരൽമേട് വരെയും, തുടർന്ന് നടപ്പന്തൽ വരെ സന്നിധാത്ത് നിന്നുള്ള സംഘവും അനുഗമിക്കും. നടയടച്ച ശേഷം രാത്രി പത്തരയോടെ ഇതേ രീതിയിൽ സംരക്ഷണം നൽകിയാണ് ഭക്തരെ പമ്പയിൽ തിരിച്ചെത്തിക്കുന്നത്.
-  
- ഇതോടൊപ്പം മരക്കൂട്ടം, ഉരക്കുഴി, പാണ്ടിത്താവളം, സന്നിധാനത്തേക്ക് ശുദ്ധജലമെത്തിക്കുന്ന കുന്നാർ ഡാം തുടങ്ങിയ ഭാഗങ്ങളിലെല്ലാം സദാസമയവും നിരീക്ഷണമുണ്ട്. ഇതിന് പുറമേ സന്നിധാനത്തിന് സമീപം നിരീക്ഷണ കാമറയും സ്ഥാപിച്ചിട്ടുണ്ട്. പാമ്പ് പിടിക്കുന്നതിൽ പ്രത്യേക പരിശീലനം നേടിയ ഒരു ജീവനക്കാരനെ നിയോഗിച്ചിട്ടുണ്ട്. ഇതിനായുള്ള ഉപകരണങ്ങളുമുണ്ട്. ഈ മണ്ഡല കാലത്ത് ഇതുവരെ 75 വിഷ പാമ്പുകളെ പിടികൂടി ഉൾവനത്തിൽ തുറന്ന് വിട്ടു.
-  
- സീസൺ തുടങ്ങുന്നതിന് മുമ്പ് തന്നെ വനം വകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദ്ദേശാനുസരണം സന്നിധാനത്ത് നിന്നും 45 കാട്ടുപന്നികളെ പിടികൂടി ഉൾവനത്തിൽ വിട്ടിരുന്നു. മുൻ വർഷങ്ങളിൽ നിരവധി ഭക്തർക്ക് പന്നിയുടെ ഉപദ്രവത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് നടപടി. ഇതോടൊപ്പം കാനന പാതയിലുൾപ്പെടെ അപകടാവസ്ഥയിലായ മരങ്ങൾ ഉന്നത വനം വകുപ്പ് ഓഫീസിൽ നിന്നുള്ള ഉത്തരവിനെ തുടർന്ന് മുറിച്ച് മാറ്റിയിരുന്നു.
-  
-  
- മണ്ഡലകാലത്തല്ലാത്തപ്പോൾ മിക്കവാറും വന്യമൃഗങ്ങൾ കാനന പാതയിലും നടപ്പന്തലിലുമെത്തും. പുലി, ആന, പോത്ത് എന്നിവയുൾപ്പെടെയുള്ളവ ഇക്കൂട്ടത്തിലുണ്ടാവും. ഇവയെ നിരീക്ഷിക്കുന്നതിനുള്ള ക്യാമറാ സംവീധാനവും വനം വകുപ്പിനുണ്ട്.