തിരുവല്ല: നിരണത്ത് വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രധാന പ്രതിയെ പിടികൂടാത്തതിൽ പ്രതിക്ഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ പുളിക്കീഴ് പൊലീസ് സ്റ്റേഷനിലേക്ക് നടന്ന മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. ഇന്നലെ വൈകിട്ട് അഞ്ചരയോടെ നടന്ന മാർച്ചിലായിരുന്നു സംഘർഷം. പൊലീസ് സ്റ്റേഷന് മുന്നിൽ മാർച്ച് തടഞ്ഞു. തുടർന്ന് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ ആമുഖപ്രസംഗം നടത്തുന്നതിനിടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. രണ്ട് പ്രവർത്തകർക്ക് ലാത്തിയടിയേറ്റു. തുടർന്ന് പ്രകോപിതരായ പ്രവർത്തകരെ നേതാക്കൾ ഇടപെട്ട് ശാന്തരാക്കുകയായിരുന്നു. നിരണം ആറാം വാർഡിൽ നിന്നും ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച ശ്രീജിത്ത് സോമന്റെ മാതാവ് സരസമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രധാന പ്രതികളെ പിടികൂടാത്തതിലും എൻ.ഡി.എ അംഗത്തിന്റെ സത്യപ്രതിജ്ഞയ്ക്കെത്തിയ സ്ത്രീകൾ ഉൾപ്പടെയുള്ള ബി.ജെ.പി പ്രവർത്തകരോട് പുളിക്കീഴ് സി.ഐ അപമര്യാദയായി പെരുമാറിയതിലും പ്രതിഷേധിച്ചായിരുന്നു മാർച്ച്. പൊലീസ് സ്റ്റേഷന് മുമ്പിൽ നടന്ന ധർണ യുവമോർച്ച ദേശീയ സമിതിയംഗം അനൂപ് ആന്റണി ഉദ്ഘാടനം ചെയ്തു. കേസിലെ പ്രധാന പ്രതിയും നിരണം ആറാം വാർഡ് മെമ്പറുമായ ബിനീഷ് കുമാറിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും അനൂപ് ആന്റണി പറഞ്ഞു. ബി ജെ പി സംസ്ഥാന സമിതിയംഗം മധു പരുമല, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് മീന എം. നായർ , മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സന്ധ്യാ മോൾ, ബി.ജെ.പി നിയോജകമണ്ഡലം ട്രഷറാർ ഉണ്ണികൃഷ്ണൻ പരുമല തുടങ്ങിയവർ പ്രസംഗിച്ചു. വോട്ടെണ്ണൽ ദിനമായ 16ന് വൈകിട്ട് ആറാം വാർഡിൽ നിന്നും വിജയിച്ച സി.പി.എം സ്ഥാനാർത്ഥി ബിനീഷ് കുമാറിന്റെ വിജയാഹ്ലാദ പ്രകടനത്തിനെയാണ് സരസമ്മയ്ക്ക് വെട്ടേറ്റത്.