
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പുതിയ ജനപ്രതിനിധികളായി.
എന്തൊക്കെ വികസന പദ്ധതികളാണ് പഞ്ചായത്തുകൾ ഏറ്റെടുക്കേണ്ടത് ?. 
വായനക്കാർ പ്രതികരിക്കുന്നു. 
ജനങ്ങളുടെ സേവകരാകണം
ജനപ്രതിനിധികൾ ബഹുജനങ്ങളുടെ ഭാഗമായി മാറണം. വാർഡിലെ ആവശ്യങ്ങൾക്ക് പഞ്ചായത്ത് കമ്മറ്റിയിൽ എടുക്കുന്ന തീരുമാനം നമ്പറും തീയതിയും സഹിതം സ്വന്തം ഡയറിയിൽ എഴുതി സുക്ഷിക്കണം. വാർഡിൽ നടപ്പാക്കുന്ന ഓരോ
ക്ഷേമപദ്ധതികളും വികസന പദ്ധതികളും കമ്മറ്റി തീരുമാനം നമ്പറും തീയതിയും സഹിതം കുറിച്ചിടണം. ആനുകൂല്യങ്ങൾ ലഭിക്കുന്നവരുടെ പട്ടിക സൂക്ഷിക്കണം. പഞ്ചായത്ത് അംഗങ്ങൾ ജനങ്ങളുടെ സേവകൻ ആണന്ന ഓർമ്മ എപ്പോഴും മനസ്സിൽ സൂക്ഷിക്കണം.
മണ്ണടി പുഷ്പാകരൻ, 
കടമ്പനാട് ഗ്രാമപഞ്ചായത്ത് മുൻ അംഗം
>>>>
നഗര വികസനത്തിന് പരിഗണന വേണം
ജില്ലാ ആസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് തയ്യാറാക്കുന്ന മാസ്റ്റർ പ്ലാൻ നീണ്ട 26 കഴിഞ്ഞിട്ടും പൂർത്തിയാകാത്തത് നഗരത്തിന്റെ വികസനത്തെ പിന്നോട്ടടിക്കുന്നു. നിലവിൽ വൻകിട സ്ഥാപനങ്ങൾക്ക് കെട്ടിട നിർമ്മാണത്തിന് നഗരത്തിൽ സ്ഥലസൗകര്യമില്ല. അതിനാൽ എല്ലാവരും റിംഗ് റോഡിൻറെ വശത്തായിരുന്നു നോട്ടമിട്ടിരുന്നത്. പക്ഷെ റിംഗ് റോഡിന്റെ വശങ്ങൾ കാർഷിക - കായിക മേഖലയിലാണ് ഉൾപ്പെടുത്തിയിരുന്നത്. അതിനാൽ ഏതു പദ്ധതിക്ക് വേണ്ടി അപേക്ഷിക്കുമ്പോഴും ജില്ലാ ടൗൺ പ്ലാനറുടെയും സംസ്ഥാന ടൗൺ പ്ലാനറുടെയും അനുമതി ലഭ്യമായിരുന്നില്ല. തിയേറ്റർ കോംപ്ലക്സ്, വസ്ത്ര വ്യാപാര ശാലകൾ, ഹോട്ടൽ സമുച്ചയം എന്നിവ നിർമ്മിക്കുന്നതിന് പ്രമുഖ വാണിജ്യ സ്ഥാപനങ്ങളും എത്തിയതാണ്. കെട്ടിട നിർമ്മാണത്തിന് ടൗൺ പ്ലാനിംഗ് ഓഫീസിന്റെ തടസം കാരണം പദ്ധതികൾ മുടങ്ങുന്നു.
മസ്ക്കറ്റിൽ നിന്ന് ആദർശ് കുമ്പഴ
സദാ ജാഗരൂകരാകണം
ജനങ്ങളിൽ ശുചിത്വ ബോധം വളർത്തുന്നതിനും നല്ല ജീവിത ശൈലി രൂപപ്പെടുത്തുന്നതിനും ജനപ്രതിനിധികൾക്ക് വലിയ ഉത്തരവാദിത്വമുണ്ട്. വഴിയെ നടന്നു പോകുമ്പോഴും വാഹനത്തിൽ സഞ്ചരിക്കുമ്പോഴും എവിടെയും തുപ്പാമെന്ന സ്ഥിതിയാണ് നമ്മുടെ നാട്ടിൽ. ഇൗ സ്ഥിതിക്ക് മാറ്റമുണ്ടാകണം. കോളനികളിലെ ശുചീകരണത്തിനും വലിയ പ്രധാന്യം നൽകണം. മദ്യത്തിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും കച്ചവടം ഗ്രാമങ്ങളിൽ വ്യാപകമാണ്. ഇത് തടയാൻ ഗ്രാമപഞ്ചായത്തും ജാഗ്രത കാട്ടണം. കഞ്ചാവ്, മദ്യം വിൽപ്പന തടയുക എന്നത് എക്സൈസിന്റെ മാത്രം ചുമതലയായി കരുതരുത്. യുവാക്കളെയും വിദ്യാർത്ഥികളെയും ലഹരി മാഫിയകളുടെ പിടിയിൽ നിന്ന് അകറ്റി നിറുത്താൻ തദ്ദേശ സ്ഥാപനങ്ങളും സദാ ജാഗരൂകരാകണം. ഒാരോ പ്രദേശത്തിന്റെയും ആവശ്യകതയും സാദ്ധ്യതകളും മനസിലാക്കി വേണം വികസന പദ്ധതികൾ രൂപപ്പെടുത്താൻ.
വി.എസ്.യശോധരപ്പണിക്കർ,
വടക്കേക്കര ട്രേഡേഴ്സ്, അടൂർ.
>>>>
വികസനം ജനകീയമാകണം
ചെറുകിട വ്യവസായ യൂണിറ്റുകൾ തുടങ്ങാൻ സന്നദ്ധരായി വരുന്നവർക്ക് സഹായങ്ങൾ നൽകണം. കാർഷിക വിഭവങ്ങളുടെ വിൽപ്പനയ്ക്ക് അതാത് സ്ഥലത്ത് ചന്ത വിപുലമാക്കി ഇടനിലക്കാരെ ഒഴിവാക്കണം. ജലസ്രോതസുകൾ സംരക്ഷിക്കാൻ ദീർഘകാല പദ്ധതികൾ വേണം. തൊഴിലുറപ്പ് ജോലികൾ വാർഡുകളുടെ വികസനത്തിന് പ്രയോജനപ്പെടുന്നതാകണം. കേന്ദ്രസർക്കാർ പദ്ധതികളും അർഹരായവരിലേക്ക് എത്തിക്കണം. കേന്ദ്ര, സംസ്ഥാന പദ്ധതികൾ പ്രയോജനപ്പെടുത്താൻ പഞ്ചായത്ത് അടിസ്ഥാനത്തിൽ ഹെൽപ്പ് ഡെസ്ക് തുറക്കണം. എല്ലാ പാർട്ടികളുടെയും പ്രകടന പത്രികകൾ പരിശോധിച്ച് പൊതുവായ ആവശ്യങ്ങൾ കണ്ടെത്തി മുൻഗണന അടിസ്ഥാനത്തിൽ നടപ്പാക്കണം.
രവീന്ദ്രവർമ്മ അംബാനിലയം,
ഒാമല്ലൂർ ഗ്രാമസംരക്ഷണ സമിതി പ്രസിഡന്റ്
ഡേറ്റാ ബാങ്ക് തയ്യാറാക്കണം
ഒാരോ പദ്ധതിയും സമയബന്ധിതമായി പൂർത്തിയാക്കി വേണം വികസനം. വാർഡിലെ തൊഴിൽരഹിതരുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കണം. ഉപരിപഠനം പൂർത്തിയാക്കിയവർ, അടിസ്ഥാന വിദ്യാഭ്യാസം നേടിയവർ, തൊഴിൽ നൈപുണ്യമുള്ളവർ, വിരമിച്ചവർ, അദ്ധ്യാപകർ, പാരമ്പര്യ തൊഴിൽ ചെയ്യുന്നവർ, കൃഷിയിൽ താൽപ്പര്യമുള്ളവർ, പ്രവാസികൾ എന്നിങ്ങനെ വേർതിരിച്ച് ഡേറ്റാ ബാങ്ക് തയ്യാറാക്കണം. ഒാരോ പ്രദേശത്തെയും വികസനത്തിൽ ഇവരുടെ സേവനം പ്രയോജനപ്പെടുത്താം. ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായം തേടണം. കൃഷി, റബർ ഉൽപ്പന്നങ്ങൾ, ഭക്ഷ്യ വസ്തുക്കളുടെ ഉൽപ്പാദനം തുടങ്ങിയ സംരംഭങ്ങൾ തുടങ്ങണം. ടൂറിസം സാദ്ധ്യതകൾ, അനുബന്ധ തൊഴിലുകൾ, നിർമാണ മേഖലയിലെ തൊഴിലുകൾ, റബർ ടാപ്പിംഗ്, കരകൗശല വസ്തുക്കളുടെ നിർമാണം തുടങ്ങിയ തൊഴിലുകളിൽ അറിവ് നൽകാൻ യുവക്കൾക്ക് ഹ്രസ്വകാല കോഴ്സുകൾ നൽകണം. പഞ്ചായത്തിൽ പൊതു ശ്മശാനം നിർമിക്കണം. ഗ്രാമസഭകളിൽ ഒരു കുടുംബത്തിൽ നിന്ന് ഒരാളെങ്കിലും പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കണം. സൗരോർജ പദ്ധതി നടപ്പാക്കണം.
സുമംഗല, റിട്ട. ഹെഡ്മിസ്ട്രസ്,
തുമരപറമ്പിൽ, കല്ലേലി, കോന്നി.
പ്രാദേശികതലത്തിൽ പരിഗണന നൽകണം
നാടിനെ സാംസ്‌കാരികമായി ഉത്തേജിപ്പിക്കാൻ ജനകീയ ലൈബ്രറികൾക്കും സാംസ്‌കാരിക പ്രവർത്തനങ്ങൾക്കും പഞ്ചായത്ത് തലത്തിൽ സജ്ജീകരണങ്ങൾ ഒരുക്കണം. പുഴകളും,തോടുകളും മാലിന്യ വിമുക്തമാക്കണം,
തൊഴിലില്ലാത്ത യുവജനങ്ങൾക്ക് ആവശ്യമായ സഹായങ്ങളും ഉപദേശങ്ങളും നല്കാൻ യുവജനക്ഷേമ കമ്മിറ്റി ഉണ്ടാക്കാം. സ്ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കും ഡേ കെയറുകളും സൗകര്യങ്ങളും ഒരുക്കണം. സേവന തൽപ്പരരായ കുട്ടികളെ സംഘടിപ്പിച്ച് ബോധവൽക്കരണ ക്ലാസുകൾ പഞ്ചായത്ത് തലത്തിൽ ഉണ്ടാക്കണം.
സംവിധായകനും എഴുത്തുകാരനുമായ
ലാൽജി ജോർജ്