 
പത്തനംതിട്ട : ക്വാറിയുടെ പ്രവർത്തനം മൂലം ദുരിതത്തിലായ കുടുംബത്തെ കൈവിട്ട് അധികൃതർ. തോട്ടപ്പുഴശേരി പഞ്ചായത്ത് പൊന്മല പാറക്കാലായിൽ ലില്ലിയും ഭർത്താവ് മാത്യുവും ആണ് ഇടിഞ്ഞ് വീഴാറായ വീടിനുള്ളിൽ കഴിയുന്നത്. ക്വാറിയിൽ പാറപൊട്ടിയ്ക്കുമ്പോൾ തെറിക്കുന്ന കരിങ്കൽ ചീളുകൾ വീണ് വീടിന്റെ ഓടും തറയും എല്ലാം ഇളകിയിരിക്കുകയാണ്. കളക്ടറിനും ബന്ധപ്പെട്ട അധികാരികൾക്കുമെല്ലാം പരാതി നൽകിയതായി ലില്ലി പറയുന്നു. പരാതിക്കാരായി ഒരാൾ മാത്രമുള്ളതിനാൽ നടപടിയെടുക്കാൻ ആവില്ലെന്നാണ് അധികൃതർ പറയുന്നത്. ഇവർക്ക് രണ്ട് മക്കളുണ്ട്. ഒരാൾ 25-ാം വയസിൽ മരിച്ചു.മകൾ വിവാഹം കഴിഞ്ഞ് ഇവിടെയായിരുന്നു താമസം.പിന്നീട് കുട്ടികളേയും കൊണ്ട് നിൽക്കുന്നത് അപകടമാണെന്ന് മനസിലാക്കി വാടക വീട്ടിലേക്ക് മാറി. ലില്ലിയുടെ ഭർത്താവ് സ്ട്രോക്ക് വന്ന് കിടപ്പിലായതാണ്. എന്തെങ്കിലും അപകടം സംഭവിച്ചാൽ പോലും അടുത്ത് ആരുമില്ലെന്ന് ലില്ലി പറയുന്നു. വീടിന് മുകളിലായാണ് ഇപ്പോൾ പാറപൊട്ടിയ്ക്കുന്നത്.പൊടിയും കല്ലുകളും ഭയന്ന് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. 70 വയസെത്തിയ ഈ ദമ്പതികൾ നിരവധി പേരോട് പരാതി അറിയിച്ചെങ്കിലും ക്വാറി ഉടമ അവരെയെല്ലാം വശത്താക്കിയെന്ന് ഇവർ ആരോപിക്കുന്നു. വീട്ടുപണി ചെയ്താണ് ഉപജീവനത്തിനുള്ള മാർഗം കണ്ടെത്തുന്നത്. മരുന്നുകൾ വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥയാണ്. ഇതിനിടയിൽ കൊവിഡും പിടികൂടിയതോടെ വലിയ ബുദ്ധിമുട്ടിലായി. വീട് പുതുക്കി പണിയാനുള്ള സാഹചര്യം ഇപ്പോൾ ഇല്ലെന്നും ഇവർ പറയുന്നു.