അടൂർ : ലോക്ഡൗണിനെ തുടർന്ന് നിറുത്തിവയ്ക്കുകയും പിന്നീട് സ്വകാര്യ ബസിനെ സഹായിക്കാനായി സർവീസ് പുനരാരംഭിക്കാതിരിക്കുകയും ചെയ്ത അടൂർ ഡിപ്പോയിലെ 3 ടേക്കോവർ സർവീസുകളും കേരളകൗമുദി വാർത്തയെ തുടർന്ന് പുനരാരംഭിച്ചു.ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് ആരംഭിച്ച 5:55 കൂട്ടാർ,07:30 ആലുവ,7:50 കുമളി എന്നീ കെ. എസ്. ആർ. ടി. സി ഫാസ്റ്റ് പാസഞ്ചർ സർവീസുകളാണ് ഉന്നതകേന്ദ്രങ്ങളിൽ നിന്നുള്ള ശക്തമായ നിർദ്ദേശത്തെ തുടർന്ന് ഡിപ്പോ അധികൃതർ മനസില്ലാ മനസോടെ പുനരാരംഭിച്ചത്. ഇതിന് സമാന്തരമായി സർവീസ് നടത്തുന്ന കൊട്ടാരക്കരയിൽ നിന്നുള്ള സ്വകാര്യ സർവീസുകളുടെ റൂട്ട് ഏറ്റെടുത്ത് സർവീസ് ആരംഭിക്കാനായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. ഇതനുസരിച്ച് ആരംഭിച്ച സർവീസിന് ആരംഭകാലത്ത് നല്ലവരുമാനം ലഭിച്ചെങ്കിലും സ്വകാര്യ സർവീസ് ഇതിന് മുൻപേകയറി ഒാടാൻ തുടങ്ങിയതോടെ വരുമാനം കുറയുകയും ചെയ്തു. സ്വകാര്യ ലോബികളെ സഹായിക്കുന്ന കെ. എസ്. ആർ. ടി. സിയിലെ തന്നെ ചില ഉന്നത ഉദ്യോഗസ്ഥരുടെ തണലിൽ ഇൗ സർവീസുകൾ പലപ്പോഴും മുടക്കുകയും പതിവായി കെ. എസ്. ആർ. ടി. സിയെ ആശ്രയിക്കാൻ കഴിയാതെ യാത്രക്കാർ സ്വകാര്യ ബസിലേക്ക് മാറുകയും ചെയ്തു. ഇതിനിടയിലാണ് ലോക്ഡൗണിനെ തുടർന്ന് സർവീസുകൾ പൂർണമായും നിറുത്തിവച്ചത്.
നടപടി കേരളകൗമുദി വാർത്തയെ തുടർന്ന്
ലോക് ഡൗൺ നിയന്ത്രണത്തിൽ അയവ് ഉണ്ടായിട്ടും മൂന്ന് സർവീസുകളും പുനരാരംഭിക്കുന്നതിന് അടൂർ ഡിപ്പോ അധികൃതർ വിമുഖതകാട്ടി.ഇത് തുറന്നുകാട്ടി 'ആരെ സഹായിക്കാൻ ഇൗ അനാസ്ഥ ? ' എന്ന തലക്കെട്ടിൽ ഡിസംബർ രണ്ടിന് കേരളകൗമുദി നൽകിയ വാർത്തയാണ് സർവീസുകൾ പുനരാരംഭിക്കുന്നതിന് വീണ്ടും വഴിയൊരുങ്ങിയത്. ഇൗ വാർത്ത കെ. എസ്. ആർ. ടി. സി എം. ഡി ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടതോടെ സർവീസ് പുനരാരംഭിക്കാനുള്ള കർശന നിർദ്ദേശം ഡിപ്പോ അധികൃതർക്ക് നൽകുകയായിരുന്നു.ഇതിനെ തുടർന്ന് ഒരാഴ്ച മുൻപ് ആദ്യം കുമളി സർവീസ് ആരംഭിച്ചു. തിങ്കളാഴ്ചമുതൽ കൂട്ടാർ, ആലുവ സർവീസുകളും പുനരാരംഭിച്ചു. ഇതോടെ സ്വകാര്യ സർവീസ് ഇതിന് തൊട്ടുമുന്നാലെ പായാൻ തുടങ്ങി. സമയത്തിൽ നേരിയ മാറ്റം വരുത്തിയാൽ വരുമാനം വർദ്ധിക്കുമെന്ന ജീവനക്കാരുടെ അഭിപ്രായം മുഖവിലയ്ക്കെടുക്കാൻ ഡിപ്പോ അധികൃതർ തയ്യാറല്ല