vargeese-p-thomas

വിധിയറിഞ്ഞ സന്തോഷത്തിൽ കണ്ണ് നിറഞ്ഞ് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ

പത്തനംതിട്ട: ഭാര്യ ഡോ. ശാേശാമ്മ വർഗീസിന്റെ അപ്രതീക്ഷിത വേർപാടിന്റെ പതിനെട്ടാം ദിവസമായിരുന്നു ഇന്നലെ. ദുഃഖാർദ്രമായ നാളുകൾക്ക് ശേഷം സി.ബി.എെ റിട്ട. ഡിവൈ.എസ്.പി വർഗീസ് പി. തോമസ് രാവിലെ പ്രമാടം പ്ളാവേലിൽ വീട്ടിലെ ടി.വിക്ക് മുന്നിലിരുന്നു, അഭയ കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തിയ സി.ബി.എെയുടെ മുൻ അന്വേഷണ ഉദ്യോഗസ്ഥന് വിധി എന്താണെന്നറിയാനുള്ള ആകാംക്ഷ. പുറത്ത് അഭിമുഖത്തിനായി ചാനൽ കാമറകൾ.

പ്രതികളായ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്ന് ജഡ്ജി വിധിച്ച വാർത്ത വന്നനേരം വർഗീസ് പി.തോമസിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കണ്ണീർ തുടച്ച ശേഷം മകൻ ഡോ. ജെസൽ വർഗീസ് കൊടുത്ത നാരങ്ങാവെള്ളം കുടിച്ചു.

കണ്ണ് നിറഞ്ഞത് എന്തിനാണെന്ന് ചോദിച്ചപ്പോൾ ''എനിക്ക് അതിയായ സന്തോഷമുള്ളതുകൊണ്ടാണ്'' എന്നായിരുന്നു 77കാരനായ അദ്ദേഹത്തിന്റെ മറുപടി.

പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചതു കേട്ട് അദ്ദേഹം തുടർന്നു: എന്റെ ജോലി പൂർണതയിലെത്തി. സത്യം ജയിച്ചു. വിധി ഇങ്ങനെയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരു നിരപരാധിയെയും കുടുക്കരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു ''.

പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് വിധിയെഴുതിയ കേസിനു വേണ്ടി സി.ബി.ഐയുടെ വിലപ്പെട്ട സമയം എന്തിന് കളയണമെന്നാണ് അന്നത്തെ എസ്.പി വി. ത്യാഗരാജൻ തന്നോട് ചോദിച്ചത്. കേസ് അവസാനിപ്പിക്കാൻ അദ്ദേഹത്തിൽ ആരെങ്കിലും സമ്മർദം ചെലുത്തിയോ എന്നറിയില്ല. ആദ്യഘട്ടത്തിൽ തന്നെ ഇത് ആത്മഹത്യയായി അവസാനിപ്പിക്കേണ്ടതല്ലെന്ന് ബോദ്ധ്യമുണ്ടായിരുന്നു. തെളിവുകൾ കൊലപാതകത്തിലേക്ക് വിരൽചൂണ്ടി. ക്രൈംബ്രാഞ്ച് പല രേഖകളും കത്തിച്ചു. അഭയയുടെ മൃതദേഹത്തിന്റെ ചിത്രങ്ങളിൽ ചിലതും നശിപ്പിച്ചു. സുപ്രധാന തെളിവുകളായ ചെരുപ്പും ശിരോവസ്ത്രവും ഉണ്ടായില്ല. കിണറ്റിൽ വീണു മരിച്ചാലുണ്ടാകാൻ സാദ്ധ്യതയില്ലാത്ത തരത്തിൽ ഉച്ചിയിൽ കണ്ട മുറിവ് സംശയം വർദ്ധിപ്പിച്ചു. സാക്ഷിമൊഴികളും ക്രൈംബ്രാഞ്ച് നിരത്തിയ തെളിവുകളും തമ്മിൽ വൈരുദ്ധ്യമുണ്ടായി. ഇതോടെ അന്വേഷണം മതിയാക്കില്ലെന്ന് ഉറപ്പിച്ചു. എന്നാൽ, സർവീസിൽ തുടരാനാവാത്ത തരത്തിൽ സമ്മർദമുണ്ടായി. അങ്ങനെയാണ് 50-ാം വയസിൽ വിരമിക്കുന്നത്. അപ്പോഴേക്കും അന്വേഷണത്തിന്റെ എൺപത് ശതമാനവും പൂർത്തിയാക്കിയിരുന്നു ''- വർഗീസ് പി.തോമസ് പറഞ്ഞു.

കേസിൽ വർഗീസ് പി.തോമസിന്റെ കണ്ടെത്തലുകളാണ് പിന്നീടുവന്ന അന്വേഷണസംഘത്തിന് സഹായമായത്. സർവീസിൽ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന ഡിവൈ.എസ്.പി നന്ദകുമാരൻ നായരാണ് കുറ്റപത്രം സമർപ്പിച്ചത്.