23-valarmathi
വളർമതി

മലയാലപ്പുഴ: 'നാൻ തമിഴ് മക്കളുടെ ഗൗരവം കാപാത്തും 'അൻപുടൻ വളർ മതി ' [താൻ തമിഴ് വംശജരുടെ മാനം സംരക്ഷിക്കും... സ്‌നേഹപൂർവ്വം വളർമതി' ] മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ ചെങ്ങറതോട്ടത്തിൽ നിന്ന് വിജയിച്ച ഇടതുമുന്നിണിയിലെ എൻ. വളർമതി (35) ഗ്രാമ പഞ്ചായത്തംഗമായി സത്യപ്രതിഞ്ജ ചെയ്തതിനു ശേഷം വോട്ടർമാരായ തമിഴ് വംശജരോട് പറഞ്ഞതിങ്ങനെയാണ്. മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ ഏകതമിഴ് വംശജയായ അംഗം കൂടിയാണ് ഇവർ. തമിഴ് വംശജയായ യു.ഡി.എഫ് സ്ഥാനാർത്ഥി കലാബാലനെയാണ് ജനറൽ വാർഡിൽ പരാജയപ്പെടുത്തിയത്. തമിഴ്‌നാട്ടിൽ ജനിച്ചു വളർന്ന വളർമതി തമിഴ് കലർന്ന മലയാളത്തിലാണ് സത്യവാചകം ചൊല്ലിയത്. കഴിഞ്ഞ രണ്ടുതവണ യു.ഡി.എഫ് വിജയിച്ച വാർഡിൽ 205 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വളർമതിയുടെ വിജയം. കഴിഞ്ഞ തവണ മൂന്ന് വോട്ടിനാണ് പരാജയപ്പെട്ടത്. തോട്ടം തൊഴിലാളികൾ താമസിക്കുന്ന വാർഡിൽ 250 തമിഴ് വോട്ടർമാരാണുള്ളത്. ബ്രട്ടീഷ് ഭരണകാലത്ത് ശങ്കരൻ കോവിൽ, തിരുനെൽവേലി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കുടിയേറി പാർത്ത തോട്ടം തൊഴിലാളികളുടെ പിൻമുറക്കാരാണിവർ. തമിഴ്‌നാട്ടിലെ തൂത്തുകുടി സ്വദേശി നൈനാരുടേയും ഫാത്തിമയുടെയും അഞ്ചാമത്തെ മകളായ വളർമതിയെ 2006ലാണ് തോട്ടത്തിലെ രണ്ടാം ഡിവിഷനിലെ മണികണ്ഠൻ വിവാഹം കഴിച്ചു കൊണ്ടുവന്നത്. പ്ലടുവിന് നല്ല മാർക്കോടു കൂടി പാസായ വളർമതി കുടുംബശ്രീയിലൂടെ പൊതുരംഗത്തും സജീവമാണ്. സി.പി.ഐ തോട്ടം ബ്രാഞ്ച് അംഗം, എ.ഐ.വൈ.എഫ് പഞ്ചായത്ത് കമ്മിറ്റിയംഗം, മഹിളാ സംഘം പഞ്ചായത്ത് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. അശ്വിൻ, അശ്വിക എന്നിവർ മക്കളാണ്.