കോന്നി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥി തോറ്റതോടെ പുതിയ പ്രസിഡന്റിനെ കണ്ടെത്താൻ കോൺഗ്രസിൽ സജീവ ചർച്ച. 13 ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ ഏഴ് സീറ്റുകൾ യു.ഡി.എഫും, ആറെണ്ണം എൽ.ഡി.എഫും നേടി.
പ്രസിഡന്റു സ്ഥാനം വനിതാ സംവരണമായ ഇവിടെ പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസ് നിശ്ചയിച്ചിരുന്നത് വള്ളിക്കോട് ഡിവിഷനിൽ മത്സരിച്ച മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാരാജനെയായിരുന്നു. എന്നാൽ എൽ.ഡി.എഫിലെ പ്രസന്നാരാജനോട് ലീലാരാജൻ പരാജയപ്പെടുകയായിരുന്നു.
മുൻ മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ഈശോ, തണ്ണിത്തോട് മുൻഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടീച്ചർ എന്നിവരും വിജയിച്ചിട്ടുണ്ട്. ഇവരുടെ പേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നുവരുന്നതെങ്കിലും മുൻ ഗ്രാമ പഞ്ചായത്തംഗവും, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ സജിവെള്ളപ്പാറയുടെ ഭാര്യ ഇളകൊള്ളൂർ ഡിവിഷനിൽ നിന്ന് വിജയിച്ച ജിജി സജിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എൽസി ഈശോയും അമ്പിളി ടീച്ചറും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായിട്ടുണ്ടെന്നും അതുകൊണ്ട് ജിജി സജിയെ പരിഗണിക്കണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.