പത്തനംതിട്ട : കൊവിഡിന് എതിരെയുളള വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് പത്തനംതിട്ട ജില്ലയിൽ വിതരണം ചെയ്യുന്നതിന് ആരോഗ്യവകുപ്പ് പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഇതിന്റെ ഭാഗമായി എ.ഡി.എം അലക്‌സ് പി. തോമസിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാതല കാര്യ നിർവഹണ സമിതി യോഗം കൂടി.
ആദ്യഘട്ടത്തിൽ 17000ത്തോളം സർക്കാർ, സ്വകാര്യമേഖലയിലെ ആരോഗ്യ പ്രവർത്തകർക്കാണ് വാക്‌സിൻ നൽകുന്നത്. ഇതിനായി നൂറോളം വാക്‌സിനേഷൻ സൈറ്റുകൾ സജ്ജീകരിക്കും. മുൻകൂട്ടി സോഫ്റ്റ്‌വെയർ രജിസ്‌ട്രേഷൻ ചെയ്ത വ്യക്തികൾക്ക് സോഫ്റ്റ്‌വെയർ മുഖേന നിശ്ചയിച്ച ദിവസങ്ങളിൽ നിശ്ചിത വാക്‌സിനേഷൻ പോയിന്റുകളിലാണ് വാക്‌സിൻ നൽകുക. ഇതിനായി മുന്നൂറോളം വാക്‌സിനേറ്റർമാരുടെ സേവനം ലഭ്യമാക്കും. ജില്ലയിൽ കൊവിഡ് വാക്‌സിൻ സൂക്ഷിക്കാനുളള ശീതികരണ സംവിധാനങ്ങൾ രണ്ടാഴ്ചയ്ക്കുളളിൽ സജ്ജമാകും. മൂന്നു ഘട്ടമായാണ് വാക്‌സിൻ വിതരണം നടത്തുന്നത്. പൊതുജനങ്ങൾക്ക് മൂന്നാം ഘട്ടത്തിലാണ് വാക്‌സിൻ വിതരണം ചെയ്യുന്നത്. ഈ മാസം 31 ന് മുമ്പ് ഗുണഭോക്താക്കളുടെ സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ പൂർത്തിയാക്കും. കുറ്റമറ്റ രീതിയിലുളള വാക്‌സിൻ വിതരണത്തിനാണ് ഒരുക്കങ്ങൾ നടക്കുന്നത്. ഇതിനായി എല്ലാ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്ന് എ.ഡി.എം പറഞ്ഞു.
യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എ.എൽ ഷീജ, ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.എബി സുഷൻ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.സി.എസ് നന്ദിനി, ആർ.സി.എച്ച് ഓഫീസർ ഡോ.ആർ സന്തോഷ്‌കുമാർ, ഭാരതീയ ചികിത്സാ വിഭാഗം ഡി.എം.ഒ ഡോ.പി.എസ് ശ്രീകുമാർ, ഹോമിയോ ഡി.എം.ഒ ഡോ.ഡി. ബിജുകുമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എസ്.ഷാജി ബോൺസ്ലെ, സാമൂഹ്യനീതി വകുപ്പ്് ഓഫീസർ എസ്.ജാഫർഖാൻ, ഐ.സി.ഡി.എസ് ജില്ലാ കോഓർഡിനേറ്റർ നിഷ നായർ, ഐ.എം.എ ജില്ലാ കൺവീനർ ഡോ.ജിനു വി. തോമസ്, ജില്ലാ പോലീസ് വിഭാഗം, വിദ്യാഭ്യാസ വകുപ്പ്, എൻ.സി.സി പ്രതിനിധികൾ, പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.