തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ആരംഭിച്ച ദേവഹരിതം പദ്ധതിപ്രകാരം എള്ളുകൃഷിക്കുള്ള വിത്തുവിതയ്ക്കൽ തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ വാസു ഉദ്ഘാടനം ചെയ്തു. ദേവസ്വംബോർഡിൻ്റെ ഉത്തരവു പ്രകാരം ശ്രീവല്ലഭേശ്വര അന്നദാന സമിതി നടപ്പിലാക്കുന്ന ദേവഹരിതം പദ്ധതിയുടെ മൂന്നാംഘട്ടമായാണ് എള്ളു കൃഷിയാരംഭിക്കുന്നത്. മേയ് മുതൽ പാഴ്‌ച്ചെടികളും മറ്റുംനീക്കി വൃത്തിയാക്കിയ ക്ഷേത്രവളപ്പിൽ തുളസി,കദളി,വാഴ,കരനെൽക്കൃഷി എന്നിവ തുടങ്ങിയിരുന്നു. രണ്ടാംഘട്ടമായി നവംബറിൽ ഔഷധസസ്യത്തോട്ടത്തിന്റെ നിർമ്മാണവും കരനെൽക്കൃഷിയുടെ വിളവെടുപ്പും നടത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിവിധ ക്ഷേത്രങ്ങളിൽ ദേവഹരിതം പദ്ധതിപ്രകാരം കൃഷിയാരംഭിച്ചിട്ടുണ്ടെങ്കിലും പൊതുജന പങ്കാളിത്തത്തോടെ വിപുലമായി പദ്ധതി നടപ്പാക്കുന്നത് ശ്രീവല്ലഭ ക്ഷേത്രത്തിലാണെന്ന് ദേവസ്വംബോർഡ് പ്രസിഡൻ്റ് എൻ.വാസു പറഞ്ഞു. ക്ഷേത്രത്തിലെ പൂജയ്ക്കാവശ്യമായ പൂച്ചെടികളും തെങ്ങ്,പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങളും ക്ഷേത്രവളപ്പിന്റെ വടക്കുഭാഗത്തുകൂടി വ്യാപിപ്പിക്കാനും അന്നദാനസമിതിക്ക് ബോർഡ് എല്ലാപിന്തുണയും സഹായവും നല്കുമെന്നും എൻ.വാസു, അംഗം കെ.എസ് രവി എന്നിവർ അറിയിച്ചു. ശ്രീവല്ലഭേശ്വര അന്നദാന സമിതി പ്രസിഡൻ്റ് എൻ.ശ്രീകുമാരപിള്ള അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണർ വി.കൃഷ്ണകുമാർ വാര്യർ, ഡെ.കമ്മീഷണർ സുധീഷ്, ദേവഹരിതം കോർഡിനേറ്റർ ബി.ഉണ്ണികൃഷ്ണൻ, മുൻ നഗരസഭാദ്ധ്യയക്ഷൻ ആർ.ജയകുമാർ, നഗരസഭാംഗങ്ങളായ ഗംഗാ രാധാകൃഷ്ൻ, മിനി പ്രസാദ്, മുൻ നഗരസഭാംഗം രാധാകൃഷ്ണൻ വേണാട്ട്, അസി.കമ്മീഷണർ കെ.എസ് ഗോപിനാഥൻപിളള, അസി.എൻജിനീയർ ജി.സന്തോഷ്, സബ്ഗ്രൂപ് ഓഫീസർ ടി.പി നാരായണൻ നമ്പൂതിരി, പ്രകൃതികൃഷി പ്രചാരകൻ ഓമനകുമാർ, അന്നദാന സമിതി ജനറൽസെക്രട്ടറി വി.ശ്രീകുമാർ, ജോ.സെക്രട്ടറി കെ.എൻ.മോഹനകുമാർ,ട്രഷറർ സത്യനാരായണൻ, എ.കെ സദാനന്ദൻ, എസ്.ശശിധരൻനായർ എന്നിവർ പ്രസംഗിച്ചു.