sabari

ശബരിമല : കൊവിഡി ന്റെ പശ്ചാത്തലത്തിൽ മണ്ഡലകാല തീർത്ഥാടനത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തിയത് ചിട്ടയായ പ്രവർത്തനങ്ങൾ. ഇതിനായി ദേവസ്വം കമ്മിഷണർ മുതൽ മണ്ഡല കാലത്തേക്ക് മാത്രമായുള്ള താൽക്കാലിക ജീവനക്കാർ വരെയുള്ളവരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നത്. ബോർഡിന് കീഴിലെ വിവിധ ഓഫീസുകളിൽ നിന്നുള്ള ജീവനക്കാരെ ഷിഫ്റ്്റ് അടിസ്ഥാനത്തിലാണ് ശബരിമല ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്. താൽക്കാലിക ജീവനക്കാർക്ക് 41 ദിവസത്തെ മണ്ഡല കാലത്തേക്കാണ് കരാർ അടിസ്ഥാനത്തിൽ നിയമനം. ഗവൺമെന്റിന്റെ നിർദ്ദേശാനുസരണം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ, ദേവസ്വം കമ്മിഷണർ എന്നിവർ അനുദിനം ശബരിമലയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. ഇതിന് കീഴിൽ സന്നിധാനത്തെ ഓഫീസിൽ ഒരു എക്‌സിക്യൂട്ടീവ് ഓഫീസറും ഒരു അസി. എക്‌സിക്യൂട്ടീവ് ഓഫീസറുമുണ്ട്. ഇവരുടെ നിയന്ത്രണത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സന്നിധാനവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങൾക്കും പ്രത്യേകം സ്‌പെഷ്യൽ ഓഫീസർമാരുമുണ്ട്. ക്ഷേത്രം, ഭണ്ഡാരം, അപ്പം, അരവണ,അന്നദാനം, ചുക്ക് വെള്ളം, ദേവസ്വം മെസ്, താമസം എന്നിവയുൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലെ പ്രവർത്തനങ്ങൾക്കായി സ്‌പെഷ്യൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. ഇവർക്ക് കീഴിൽ ഓരോ സെക്ഷനിലും സ്ഥിരം ജീവനക്കാരെയും നിരവധി താൽക്കാലിക തൊഴിലാളികളുമുണ്ട്. ഇതിന് പുറമെ ദേവസ്വം ബോർഡ് വക താൽക്കാലിക സുരക്ഷാ ജീവനക്കാരുമുണ്ട്.സന്നിധാനത്തെ ദേവസ്വത്തിന്റെ കെട്ടിടങ്ങൾ ഉൾപ്പെടെയുള്ളവയുടെ നിർമ്മാണവും അറ്റകുറ്റ പണികളുമെല്ലാം ചെയ്യുന്നതിനായി അസി. എൻജിനീയറുടെ നേതൃത്വത്തിൽ പ്രത്യേകം പൊതുമരാമത്ത് വിഭാഗം പ്രവർത്തിക്കുന്നുണ്ട്. കുന്നാർ ഡാമിൽ നിന്ന് സന്നിധാനത്തേക്കുള്ള ശുദ്ധജല വിതരണത്തിന്റെ ചുമതലയും മരാമത്ത് വിഭാഗത്തിനാണ്. ഇവർക്കെല്ലാമുള്ള താമസ സൗൗകര്യവും ഭക്ഷണവും ദേവസ്വം ബോർഡാണ് നൽകുന്നത്.ശബരിമല ദേവസ്വത്തിന് പ്രത്യേക അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുണ്ട്. ഇവിടെ നിന്നുമാണ് ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളുടെ നിയന്ത്രണം. മണ്ഡല പൂജാ കര്യങ്ങൾക്കായി പ്രത്യേകം ഫെസ്റ്റിവെൽ കൺട്രോളറും മറ്റ് ജീവനക്കാരും ഓഫീസുമുണ്ട്.