 
ചെങ്ങന്നൂർ: ആലപ്പുഴ ജില്ലയിലെ ആദ്യത്തെ കുതിരയോട്ട പരിശീലന കേന്ദ്രം ചെങ്ങന്നൂരിൽ തുടങ്ങി
ചെങ്ങന്നൂർ പെണ്ണുക്കര ദേവീ ക്ഷേത്രത്തിന് സമീപം ബ്രേവ് റൈഡിംഗ് ക്ലബ് എന്ന പേരിൽ തുടങ്ങിയ കുതിരയോട്ട പരിശീലന കേന്ദ്രം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൂന്ന് ഏക്കർ സ്ഥലമാണ് ഇതിനായി എടുത്തിരിക്കുന്നത്. ഇതിൽ അരഏക്കറിലാണ് പരിശീലനത്തിനായി റൈഡിംഗ് ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നത്. ചുറ്റും വേലികെട്ടി അതിനുള്ളിലാണ് പരിശീലനം നടത്തുന്നത്. ഇപ്പോൾ രണ്ട് കുതിരയാണ് പരിശീലത്തിന് ഉള്ളത്. ഉടൻ തന്നെ ഗുജറാത്തിൽ നിന്ന് രണ്ട് കുതിരയെക്കൂടി എത്തിക്കുന്നതാണ്. 25 ദിവസത്തെ കോഴ്‌സാണ് നടത്തുന്നത്. ഈ കോഴ്‌സ് പൂർത്തിയാക്കുന്നതോടെ കുതിരയോട്ടം പരിശീലിക്കാനാകും. 10 ദിവസം കഴിയുമ്പോൾ റോഡിലൂടെയുള്ള കുതിരയോട്ട പരിശീലനം നടത്താനാകും. ഇങ്ങനെ പരിശീലനം നടത്തുന്നവരാണ് ക്ലബ് അംഗമായി മാറുക. ക്ലബ് മെബർഷിപ്പ് എടുക്കാത്തവർക്കും റൈഡിംഗ് പരിശീലനംനേടാം. ക്ലബ് മെബർഷിപ്പ് എടുക്കുന്നവർക്ക് 25 ദിവസത്തെ കോഴ്‌സ് പൂർത്തിയായാലും ഫ്രീ റൈഡ് ഇവിടെ ചെയ്യാവുന്നതാണ്.
25 ദിവസത്തെ കോഴ്‌സിൽ രാവിലെ 6.30 മുതൽ 10.30 വരെയും വൈകിട്ട് 3.30 മുതൽ 6 വരെയും ഉള്ള രണ്ട് സമയങ്ങളിലാണ് ക്ലാസുകൾ ഉണ്ടാവുക. കൂടാതെ കുതിരയുടെ ഹൂഫ് ട്രിമ്മിംഗ് ലാഡം(കുളമ്പിലെ ലാഡം) ഉണ്ടാക്കുന്നതിനും ലാഡം അടിക്കുന്നതിനുമുള്ള പ്രത്യേക പരിശീലനവും ഇവിടെ ലഭ്യമാണ്. കുറഞ്ഞ നിരക്കിലുള്ള ഫീസാണ് ഇവിടെയുള്ളത്. 25 ദിവസത്തേക്ക് നടത്തുന്ന കോഴ്‌സിന് 6,000 രൂപയാണ് ഫീസ്. ഒരു ദിവസത്തേക്ക് മാത്രം 300 രൂപയാണ് ഫീസ്. സർവേയറായി ജോലി ചെയ്യുന്ന പെണ്ണുക്കര സ്വദേശിയായ സി.അജിത്ത് കുമാറും സുഹൃത്തായ മോഹനനും ചേർന്നാണ് റൈഡിംഗ് ക്ലബ് നടത്തുന്നത്.