കോഴഞ്ചേരി: കീഴുകര വാർഡിൽ നിന്ന് വിജയിച്ച സ്വതന്ത്രൻ ടി.ടി.വാസു കോഴഞ്ചേരി പഞ്ചായത്ത് ഭരണത്തിൽ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് കോഴഞ്ചേരി മണ്ഡലം കമ്മിറ്റി സ്വാഗതം ചെയ്തു.യു.ഡി.എഫിന് തനിയെ ഭൂരിപക്ഷമില്ലാത്ത നിലയിൽ സ്വതന്ത്രനെക്കൂട്ടി ഭരണം കൈയിലെടുത്ത് ഇടതു ഭരണം ഒഴിവാക്കേണ്ടത് അനിവാര്യമാണ്. കേരളത്തിൽ തൊടുപുഴ മുതൽ കോട്ടയം,ചങ്ങനാശേരി,പത്തനംതിട്ട മുൻസിപ്പാലിറ്റികൾ ഉൾപ്പെടെ അനേകം പഞ്ചായത്തുകളിൽ യു.ഡി.എഫ് ഭരണം പിടിക്കുവാൻ എടുത്ത തീരുമാനത്തിനു ഘടക വിരുദ്ധമായി കേരള കോൺഗ്രസ് (ജോസഫ്) ഗ്രൂപ്പ് കോഴഞ്ചേരിയുടെ തീരുമാനം വിരോധാഭാസമാണ്. എല്ലായിടത്തും സ്വതന്ത്രൻമാർ/ വിമതർ വിജയിച്ചത് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥികളെ തോൽപ്പിച്ചാണ്. മറ്റു പ്രദേശങ്ങളിൽ യു.ഡി.എഫ് സ്വീകരിച്ച സമീപനം കോഴഞ്ചേരിക്കും ബാധകമാണ്. 50വർഷങ്ങൾക്കു ശേഷം കോൺഗ്രസിനെ കോഴഞ്ചേരി പഞ്ചായത്തിൽ പ്രസിഡന്റാകാൻ അവസരം വന്നപ്പോൾ ആ അവസരം പാഴാക്കാനുള്ള ഹീന ശ്രമമാണ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് നടത്തുന്നത്. കോൺഗ്രസ് പ്രവർത്തകരുടെ പരിശ്രമത്താൽ വോട്ടുകൾ വാങ്ങി വിജയിച്ച പഞ്ചായത്തംഗങ്ങളെ കരുവാക്കി കുതിരക്കച്ചവടം നടത്തി ഇടതുപക്ഷത്തെ അധികാരത്തിലേറ്റുവാൻ നടത്തുന്ന ശ്രമത്തെ കോഴഞ്ചേരിയിലെ ജനാധിപത്യ വിശ്വാസികൾ പൊറുക്കില്ല. യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.തോമസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. ബാബു വടക്കേൽ, കെ.എൻ.പ്രമോദ് കുമാർ,പഞ്ചായത്തംഗങ്ങളായ ജിജി വർഗീസ്, സുനിത ഫിലിപ്പ് ബാബു പള്ളത്ര, രാജേഷ് തലയാട്ട്, ജോസ് പുതുപ്പറമ്പിൽ, സത്യൻ നായർ, സി.കെ.രാജീവ്, സജി വെള്ളാറേത്ത്, സി.കെ.ഉത്തമൻ തുടങ്ങിയവർ സംസാരിച്ചു.