 
പത്തനംതിട്ട: ഏറെ ചർച്ച ചെയ്യപ്പെട്ട പമ്പാ ആക്ഷൻ പ്ളാൻ നടപ്പാക്കുമെന്നും പ്രവാസി നിക്ഷേപം നാടിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പര്യടനത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുളളവരുമായി കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ.നായർ, ഹൃദ്രോഗ ചികിത്സ വിദഗ്ധൻ ഡോ.കെ.എം. ചെറിയാൻ, സംവിധായകരായ ബ്ലെസി, ഡോ.ബിജു, സാഹിത്യകാരൻ ബെന്യാമിൻ, കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ്, കൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടർ ഡോ.സി.പി. റോബർട്ട്, ഡോ.റേച്ചൽ ഏബ്രഹാം, സാങ്കേതിക വിദഗ്ധൻ റോയി, ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധി റവ.ഡോ.ഏബ്രഹാം മുളമൂട്ടിൽ, സാമൂഹിക പ്രവർത്തക ഡോ.എം.എസ്. സുനിൽ, പ്രസ്ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം, ഡബ്ല്യു.എം.ഇ ദൈവസഭ പ്രസിഡന്റ് റവ.ഒ.എം. രാജുക്കുട്ടി തുടങ്ങിയവർ തങ്ങളുടെ വികസന കാഴ്ചപ്പാടുകളും വിവിധ മേഖലകളിലെ പ്രശ്നങ്ങളും പങ്കുവച്ചു.
വരട്ടാർ വീണ്ടെടുക്കാൻ നാട് ഒറ്റക്കെട്ടായിറങ്ങിയത് മഹത്തായ സന്ദേശമാണ് നൽകിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തിരിച്ചെത്തിയ പ്രവാസികളിൽ പലർക്കും സാമ്പത്തിക സ്ഥിരത ഇല്ലാത്തവരാണ്. ഇവർക്കായി വായ്പ പദ്ധതി ആവിഷ്കരിക്കാൻ ലക്ഷ്യമിടും. 'കിഫ്ബി'യെക്കുറിച്ച് തെറ്റിദ്ധാരണ പരക്കുന്നുവെന്ന സംശയം ചർച്ചയിൽ ചിലർ പങ്കിട്ടു. നാട്ടുകാർ ഇതെല്ലാം മനസിലാക്കുന്നവരാണെന്നും അവരെ കബളിപ്പിക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്കൂളുകളുടെയും ആശുപത്രികളുടെയുമുൾപ്പെടെ പശ്ചാത്തലസൗകര്യം കൂടിയത് കിഫ്ബിയുടെ സഹായത്താലാണ്.
ജനത്തെ ആർക്കും തെറ്റിദ്ധരിപ്പിക്കാനാകില്ല. നാടിന്റെ അഭിപ്രായമാണ് എൽ.ഡി.എഫിന് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ മുന്നേറ്റത്തിന് കരുത്തേകുന്ന വിലപ്പെട്ട അഭിപ്രായങ്ങൾ മുന്നണി സ്വീകരിക്കും. ഇവ ഗൗരവമായി വിലയിരുത്തി അടുത്ത പ്രകടനപത്രികയുടെ ഭാഗമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയിൽ ഉൾക്കൊളേളണ്ട കാര്യങ്ങളാണ് ചർച്ചയിൽ നിർദ്ദേശങ്ങളായി വന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിൽ സ്വീകരിക്കാൻ കഴിയുന്നതെല്ലാം ഇടതുപക്ഷം ഉൾക്കൊളളും.
വികസനമെന്നത് ഏതെങ്കിലും ഒരു കൂട്ടർക്കോ പ്രദേശത്തോ മാത്രമായി ഒതുങ്ങേണ്ടതല്ലെന്നാണ് മുന്നണിയുടെ നയമെന്നും അദ്ദേഹം ആമുഖമായി പറഞ്ഞു.
2016ൽ ജനം വലിയ നിരാശയിലായിരുന്നു. ഇവിടെ ഒരു കാര്യവും നടക്കില്ലെന്ന ശാപവചനങ്ങൾ അന്ന് ഉയർന്നു. മുന്നണി അധികാരത്തിലെത്തിയപ്പോൾ ഇതിനെല്ലാം മാറ്റം വന്നു. കാര്യങ്ങൾ നടത്താൻ പ്രാപ്തിയുളള നാടായി നമ്മുടേത്. മികച്ച വ്യവസായന്തരീക്ഷം സൃഷ്ടിക്കെപ്പട്ടു.
മന്ത്രി കെ. രാജു, എം.എൽ.എമാരായ രാജു എബ്രഹാം, മുല്ലക്കര രത്നാകരൻ, മാത്യു ടി. തോമസ്, വീണാ ജോർജ്, എൽ.ഡി.എഫ്. നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.