
പത്തനംതിട്ട: ആറൻമുളയുടെ പരിസ്ഥിതി സംരക്ഷിക്കാൻ കൊടികളുടെ നിറമില്ലാതെ എല്ലാ രാഷ്ട്രീയ പാർട്ടികളും പരിസ്ഥിതി പ്രവർത്തകരും ഒരേ വേദിയിൽ അണിനിരന്ന സംസ്ഥാനത്തെ അപൂർവ സമര മാതൃകയായിരുന്നു ആറൻമുള വിമാനത്താവളം പദ്ധതിക്കെതിരെ നടന്നത്. സമരത്തെ നയിച്ചത് വിമാനത്താവള വിരുദ്ധ സംയുക്ത സമരസമിതിയുടെ ചെയർപേഴ്സണായിരുന്ന സുഗതകുമാരി. ആശയങ്ങളിൽ വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുകയും സംഘർഷങ്ങളിലേർപ്പെടുകയും ചെയ്യുന്ന സി.പി.എമ്മിന്റെയും ആർ.എസ്.എസിന്റെയും നേതാക്കൾ ആറൻമുള സമരത്തിൽ െഎക്യത്തോടെ നിലയുറപ്പിച്ചത് സുഗതകുമാരിയുടെ നേതൃത്വമുണ്ടായതുകൊണ്ടാണ്. മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദൻ, ആർ.എസ്.എസ് നേതാവ് എസ്.സേതുമാധവൻ, കുമ്മനം രാജശേഖരൻ, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, കോൺഗ്രസ് നേതാവ് വി.എം.സുധീരൻ, കോൺഗ്രസ് നേതാവും പിന്നീട് സി.പി.എമ്മിൽ ചേർന്ന ഇപ്പോഴത്തെ കെ.എസ്.എഫ്.ഇ ചെയർമാനുമായ അഡ്വ. പീലിപ്പോസ് തോമസ്, കെ.കെ റോയ്സൺ തുടങ്ങിയവർ സമരവേദിയിൽ എത്തിയിരുന്നു. സി.പി.െഎ, ബി.ജെ.പി, ജനതാദൾ തുടങ്ങിയ കക്ഷികളെയൊക്കെ കൂട്ടിയോജിപ്പിച്ചത് സുഗതകുമാരിയുടെ സാന്നിദ്ധ്യമായിരുന്നു.
സൈലന്റ് വാലിക്ക് ശേഷം പ്രകൃതിക്കു വേണ്ടി നടന്ന വലിയ പോരാട്ടമായിരുന്നു മൂന്ന് വർഷം നീണ്ട ആറൻമുള വിമാനത്താവള വിരുദ്ധസമരം. തുടർച്ചയായി 102 ദിവസത്തെ സത്യാഗ്രഹത്തിൽ പരിസ്ഥിതി പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.
വ്യവസായ മേഖലയായി പ്രഖ്യാപിച്ച ആറൻമുള, മല്ലപ്പുഴശേരി, കിടങ്ങന്നൂർ പഞ്ചായത്തുകളിലെ 350 ഹെക്ടർ ഭൂമിയിൽ വിമാനത്താവളം നിർമ്മിക്കാനായിരുന്നു കെ.ജി.എസ് ഗ്രൂപ്പിന്റെ പദ്ധതി. ആറൻമുള മേഖലയിലെ കുടിവെള്ള സ്രോതസുകളും വയലുകളും നികത്തിയാണ് പദ്ധതി നടപ്പാക്കേണ്ടിയിരുന്നത്. റൺവേയ്ക്ക് സൗകര്യമൊരുക്കാൻ ആറൻമുള ക്ഷേത്രത്തിന്റെ കൊടിമരം മാറ്റേണ്ടിവരുമെന്നത് പദ്ധതിക്കെതിരെ ജനരോഷം ഉയർത്തി. ഒടുവിൽ, ആറൻമുള പദ്ധതി പ്രദേശം പ്രത്യേക വ്യവസായ മേഖലയായി പ്രഖ്യാപിച്ച തീരുമാനവും കെ.ജി.എസിന് നൽകിയ എൻ.ഒ.സിയും സംസ്ഥാന സർക്കാർ 2016 നവംബറിൽ റദ്ദാക്കി. പദ്ധതിയിൽ സർക്കാരിനുള്ള ഒാഹരി പങ്കാളിത്തത്തിന്റെ ധാരണ പത്രം ഇല്ലാതായി. ഇതോടെ സമരം വിജയിക്കുകയായിരുന്നു.