
പത്തനംതിട്ട : മഹാമാരിയെ വകവയ്ക്കാതെ ക്രിസ്മസിനായി നാടൊരുങ്ങി . വീടുകളിൽ തോരണങ്ങളും നക്ഷത്രങ്ങളും നിരന്നിരിക്കുന്നു. എല്ലായിടവും എൽ.ഇ.ഡി ലൈറ്റുകൾ നിറഞ്ഞിരിക്കുകയാണ്. 50 മുതൽ 400 രൂപ വരെയാണ് നക്ഷത്രത്തിന്റെ വില. പ്ലാസ്റ്റിക് ഗ്ലേസിംഗ് സ്റ്റാറുകൾക്ക് 200 രൂപയും വാൽ നക്ഷത്രങ്ങൾക്ക് 150 രൂപയുമാണ്. എൽ.ഇ.ഡി സ്റ്റാറുകൾ 125 രൂപ മുതൽ വിലയുള്ളവയാണ്. പേപ്പർ സ്റ്റാറുകൾ 50 രൂപ മുതൽ ലഭ്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ ക്രിസ്മസ് വിപണിയിൽ വിലകുറവാണ്. എന്നാൽ ആളുകളുടെ തിരക്കിന് വലിയ കുറവ് വന്നിട്ടില്ല.
ഇത്തവണ വീട്ടിലെ താരമാണ് കേക്കുകൾ. മുമ്പ് ബേക്കറികളായിരുന്നു കേക്കുകളുടെ ഉറവിടമെങ്കിൽ ഇപ്പോൾ വീടുകളിലാണ് കേക്ക് നിർമ്മാണം കൂടുതലും.രാസവസ്തുക്കളുടെയും മറ്റും ഉപയോഗം കുറവായതിനാൽ നിരവധി പേരാണ് വീടുകളിൽ നിന്ന് കേക്കുകൾ വാങ്ങുന്നത്. ക്രീം കേക്കുകൾ ആയിരുന്നു വീട്ടിൽ കൂടുതലായി നിർമ്മിക്കുന്നത്. ക്രിസ്മസിൽ പ്ലം കേക്കുകൾക്ക് ആവശ്യക്കാർ കൂടിയതോടെ വീടുകളിൽ അവ കൂടുതലായി നിർമ്മിക്കാൻ തുടങ്ങി. വലിയ കമ്പനികളുടെ കുത്തകയായിരുന്നു ക്രിസ്മസ് വിപണി. തൊണ്ണൂറ് രൂപ മുതൽ 1000 രൂപയുടെ വരെ കേക്കുകൾ നിലവിലുണ്ട്. ഓരോരുത്തരുടേയും താത്പര്യം അനുസരിച്ച് കേക്കുകൾ നിർമ്മിക്കാൻ സാധിക്കുന്നതിനാൽ വീട്ടിൽ കേക്ക് നിർമ്മിക്കുന്നവർക്ക് വലിയൊരു വരുമാന മാർഗം കൂടിയായി മാറുകയാണ് ക്രിസ്മസ് വിപണി.