rupee

പത്തനംതിട്ട : ജില്ലയിലെ ബാങ്കുകൾ നടപ്പ് സാമ്പത്തിക വർഷം ആദ്യ പകുതിയിൽ 3073 കോടി രൂപ വായ്പയായി നൽകി. ജില്ലതല ബാങ്കിംഗ് അവലോകന യോഗം ഇതുസംബന്ധിച്ച കണക്കുകൾ വിലയിരുത്തി. 2579 കോടി രൂപ കാർഷിക, കാർഷിക അനുബന്ധ, വ്യവസായ, ഭവന, വിദ്യാഭ്യാസ മേഖല ഉൾപ്പെടുന്ന മുൻഗണന വിഭാഗത്തിൽ നൽകി. കാർഷിക വായ്പയായി 1460 കോടി രൂപയും കാർഷിക അനുബന്ധ വായ്പയായി 121 കോടി രൂപയും ഉൾപ്പെടെ കാർഷിക മേഖലയിൽ ആകെ 1582 കോടി രൂപ നൽകി വാർഷിക പദ്ധതിയുടെ 55 ശതമാനം കൈവരിച്ചു. വ്യവസായ, കച്ചവട മേഖലയിൽ 643 കോടി രൂപ നൽകി വാർഷിക പദ്ധതിയുടെ 64 ശതമാനം കൈവരിച്ചു. മറ്റു മുൻഗണന മേഖലയിൽ 353 കോടി അനുവദിച്ചു.
ബാങ്കുകളുടെ മൊത്തം വായ്പ കഴിഞ്ഞ വർഷത്തെ 14,343 കോടി രൂപയിൽ നിന്ന് ഏഴു ശതമാനം വർദ്ധിച്ച് 15,295 കോടി രൂപയായി. നിക്ഷേപം ആറു ശതമാനം കൂടി 46,060 കോടി രൂപയിൽ നിന്ന് 48,815 കോടി രൂപയായി. വിദേശ നിക്ഷേപം 23,320 കോടി രൂപയിൽ നിന്ന് 1544 കോടി രൂപ കൂടി 24,864 കോടി രൂപയിൽ എത്തി. ഏഴു ശതമാനം വർദ്ധന കൈവരിച്ചു. ജൂൺ മാസത്തിൽ പദ്ധതി വായ്പ കൈവരിച്ച സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ഉൾപ്പെടെ ആറു ബാങ്കുകൾ അവാർഡ് ഏറ്റു വാങ്ങി.
ആന്റോ ആന്റണി എം.പി യോഗം ഉദ്ഘാടനം ചെയ്തു. രാജു എബ്രഹാം എം.എൽ.എ 2020 - 21 സാമ്പത്തിക വർഷത്തെ ഡിസ്ട്രിക്ട് ക്രെഡിറ്റ് പ്ലാനും, നബാർഡ് തയാറാക്കിയ പൊട്ടൻഷ്യൽ ലിങ്ക്ട് ക്രെഡിറ്റ് പ്ലാനും പ്രകാശനം ചെയ്തു. അവലോകന യോഗത്തിൽ ജില്ലാ കളക്ടർ പി.ബി.നൂഹ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ പത്തനംതിട്ട റീജിയണൽ മാനേജർ പ്രദീപ് നായർ മുഖ്യ പ്രഭാഷണം നടത്തി. റിസർവ് ബാങ്ക് ലീഡ് ഡിസ്ട്രിക്ട് ഓഫീസർ പി.ജി. ഹരിദാസ്, ലീഡ് ഡിസ്ട്രിക്ട് ബാങ്ക് മാനേജർ വി. വിജയകുമാരൻ, നബാർഡ് ഡി.ഡി.എം വി.കെ. പ്രേംകുമാർ, ബാങ്ക് ജില്ലാ മേധാവികൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.