23-varghese-punnan
വറുഗീസ് പുന്നൻ

പത്തനംതിട്ട- കൊവിഡ് സാഹചര്യത്തിൽ വികസന കാഴ്ചപ്പാടിൽ ധാരാളം മാറ്റങ്ങൾ വന്നിട്ടുണ്ട്.
ഒരു പക്ഷേ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി ആണ് കൊവിഡ് മൂലം നാം നേരിടുന്നത്. ഇതിനെ നേരിടാൻ ശക്തമായ യുദ്ധമുറകൾ ഇനിയും ആവശ്യമായിവരും. ഇത്തരം പ്രതിസന്ധികളിൽ ജനങ്ങൾക്ക് പണലഭ്യത ഉറപ്പു വരുത്തുവാനും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുവാനുമുള്ള പണം ആളുകളിലേക്ക് എത്തിക്കുന്നതിനും കഴിയുന്ന സംവിധാനമാണ് ത്രിതല പഞ്ചായത്ത്. ഈ സംവിധാനം ശക്തിപ്പെടുത്തിയാൽ സ്വന്തം വരുമാനത്തിലൂടെ വികസന മുന്നേറ്റം നടത്തുന്നതിന് പഞ്ചായത്തുകൾക്ക് കഴിയും.

സർക്കാർ ആസൂത്രണം ചെയ്യുന്ന പദ്ധതികളുടെ നടത്തിപ്പിന്റെ ജില്ലാതല ഏകോപനം ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലാക്കണം. ജില്ലയിലെ ജലസേചന വകുപ്പ് , പിഡബ്ല്യുഡി, കൃഷി, മൃഗസംരക്ഷണം, വ്യവസായം തുടങ്ങിയ വകുപ്പുകൾ പൂർണമായും ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലാക്കണം.

മാലിന്യ നിർമ്മാർജ്ജനം, ഗ്രീൻ കാർപ്പറ്റ്, ശുചിത്വ മിഷൻ തുടങ്ങിയ പദ്ധതികൾ ബ്ലോക്ക് പഞ്ചായത്തുകൾ വഴി നടപ്പാക്കണം.ജനപ്രതിനിധികളും, ഓരോ വകുപ്പ് ഉദ്യോഗസ്ഥരും പദ്ധതികൾ മാസംതോറും വിലയിരുത്തുകയും അതിന്റെ പുരോഗതി ജില്ലാപഞ്ചായത്ത് വിലയിരുത്തി പൊതു ജനങ്ങളെ അറിയിക്കുകയും വേണം


പൂർത്തീകരിച്ച പദ്ധതികളുടെ ഓഡിറ്റ് സംവിധാനം സമയത്ത് നടത്തി പൊതുജനങ്ങളെ അറിയിക്കുന്നത് പദ്ധതി നിർവ്വഹണത്തിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കും. ആരോഗ്യ രംഗത്തിന്റെ പൂർണ ചുമതല ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കണം. പൊതുജനാരോഗ്യ സംരക്ഷണം, തദ്ദേശ സ്ഥാപനങ്ങളുടെ പ്രഥമ ലക്ഷ്യമായി പ്രഖ്യാപിക്കണം.


പ്രവാസികളുടെ മടങ്ങിവരവ് ഒരേസമയം കേരളത്തിനു മുന്നിലെ പ്രതിസന്ധിയും സാദ്ധ്യതകളുമായി മാറുന്നു. ഇവരെ പുതിയ മാർഗം ഉപയോഗിച്ചുള്ള കൃഷി, ആയുർവേദ ഫാം, ടൂറിസം, നിർമ്മാണ മേഖല എന്നിവിടങ്ങളിലേക്ക് ആകർഷിക്കാൻ കഴിയണം.


കലാ സാംസ്‌കാരിക ടൂറിസം പദ്ധതികൾ നടപ്പാക്കണം. ഗ്രാമ വികസനത്തിന്റെയും, അവസരത്തിന്റെയും വാതിലാണ് വിനോദസഞ്ചാരം.

ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യം നേടാനും, പ്രാദേശിക സമ്പത്ത് വ്യവസ്ഥ മെച്ചപ്പെടുത്താനും, കൃഷി വികസനം, മത്സ്യബന്ധനം മൃഗസംരക്ഷണം എന്നീ മേഖലകൾക്ക് മുൻഗണന നൽകണം.


വിദേശത്ത് നിന്ന് . മടങ്ങിയെത്തുന്നവരുടെ തൊഴിൽ വൈദഗ്ദ്ധ്യം രേഖപ്പെടുത്തുന്ന ഡേറ്റാ ബാങ്ക് പഞ്ചായത്ത് തലത്തിൽ രൂപീകരിക്കണം.


സ്ഥിരം വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശത്ത് മൾട്ടി പർപ്പസ് പുനരധിവാസ ഹാളുകൾ ദുരന്തനിവാരണ വകുപ്പ് നിർമ്മിക്കണം. അത് മറ്റ് സമയങ്ങളിൽ വാടകയ്ക്ക് നൽകി ഗ്രാമപഞ്ചായത്തുകളെ ഏൽപ്പിക്കാവുന്നതാണ്.

------------.

വറുഗീസ് പുന്നൻ
(മുൻ സെക്രട്ടറി/പി.ആർ.ഒ.
ടൂറിസം പ്രമോഷൻ കൗൺസിൽ