
ആ അമ്പലമണിയുടെ നാദം നിലച്ചു ... ഒരു തളിർ കാണുമ്പോൾ ,പൂവു കാണുമ്പോൾ ,കാടു കാണുമ്പോളൊക്കെയും നമ്മൾ സുഗതകുമാരിയെയും ഓർത്തു .ഇത്രമാത്രം ഓരോ മലയാളിയും സ്വന്തം ഹൃദയത്തോടു ചേർത്തു നിറുത്തിയ ഒരു കവി ആധുനിക മലയാളത്തിലുണ്ടായിട്ടില്ല .സമാന കവിഹൃദയങ്ങളെ മറന്നു കൊണ്ടല്ല ഇതെഴുതുന്നത് .കവിതയിൽ നിന്നു പദംവച്ച് അവർ സമൂഹത്തിലേക്കിറങ്ങി വന്നു .അവരുടെ സ്‌നേഹത്തിന്റെ ,കവിത തെളിഞ്ഞ മനസ്സിന്റെ ആർദ്ര സ്പർശമേൽക്കാത്ത ഒന്നും ഈ ഭൗതിക മണ്ഡലത്തിൽ ഇല്ല .ലോക മലയാളി യുടെയെല്ലാം സ്വന്തമാണീ കവിയെങ്കിലും പത്തനംതിട്ട ജില്ലയിലെ മനുഷ്യസ്‌നേഹികൾക്ക് അവർ ആറൻമുളയിലെ അയൽക്കാരിയാണ് . ആറൻമുള വിമാനത്താവള സമരവേദിയിലാണ് ഒടുവിലായി എനിക്കു കാണാൻ കഴിഞ്ഞത് .ജില്ലയിലെ സാംസ്‌കാരിക സദസ്സുകളിലെക്കും കവിയരങ്ങുകളിലേക്കും ക്ഷണിച്ചിട്ടും ഓരോരോ കാരണം അവരുടെ അസാന്നിദ്ധ്യത്തിനിടയാക്കിയതും ഓർത്തുപോകുന്നു .മലയാള സാംസ്‌കാരിക വേദിയുടെ കവിതാ പുരസ്‌കാര സ്വീകരണത്തിന് ഇവിടെയെത്താൻ കഴിയാതെ പോയത് ,അസുഖബാധിതയായി യാത്രകളൊഴിവാക്കിയ സാഹചര്യത്താലായിരുന്നു .എന്റെ അദ്ധ്യാപന ജീവിതത്തിൽ കുട്ടികളെക്കൊണ്ട് ഏറെ ചൊല്ലിച്ച കവിതകൾ സുഗതകുമാരിയുടെ തായി രു ന്നു .സംസ്ഥാന മൽസരങ്ങളിൽ വരെ കുട്ടികളെ കവിത ചൊല്ലലിനെത്തിക്കാൻ ആ കവിതകൾ സ്വീകരിച്ചതു വഴി സാദ്ധ്യമായിട്ടുണ്ട് .മലയാള ഭാഷയുടെ പരമോന്നത പദവിക്കു വേണ്ടി അശ്രാന്തം പരിശ്രമിച്ച സുഗതകുമാരി ആകാശത്തെ നക്ഷത്രങ്ങളെ മാത്രം നോക്കി കവിതയെഴുതിയ കവിയല്ല ; മറിച്ച് കുപ്പക്കുഴിക്കുള്ളിലും നോട്ടം പതിപ്പിച്ച മഹാ മനസ്വിനിയായിരുന്നു
------
കോന്നിയൂർ ബാലചന്ദൻ
( കവിയും പുരോഗമന കലാസാഹിത്യസംഘം മുൻ ജില്ലാ പ്രസിഡന്റുമാണ് ലേഖകൻ )