മല്ലപ്പള്ളി : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന് ശേഷം അദ്ധ്യക്ഷൻമാരെ തിരഞ്ഞെടുക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികളുടെ വിവിധ ഘടകങ്ങൾ ആലോചന ആരംഭിച്ചു. ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മല്ലപ്പള്ളിയിൽ വനിതാ ഭരണത്തിന് സാദ്ധ്യത തെളിയുന്നു. ജില്ലാ പഞ്ചായത്ത് ആനിക്കാട്, മല്ലപ്പള്ളി ഡിവിഷനുകളിൽ രണ്ട് വനിതകളാണ് അംഗങ്ങളായുള്ളത്. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ജനറലാണെങ്കിലും അദ്ധ്യക്ഷസ്ഥാനത്ത് വനിത എത്തുമെന്ന് സുചനയുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ്. മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷപദവി വനിതാ സംവരണമാണ്. വൈസ് പ്രസിഡന്റ് സ്ഥാനം ഘടകകക്ഷിക്ക് നൽകേണ്ടി വന്നാൽ അവിടെയും വനിതയാകും മുന്നിലെത്തുക.