തിരുവല്ല: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ കടപ്ര പഞ്ചായത്തിലെ ഉപദേശിക്കവ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. പാലത്തിന് മൂന്ന് സ്പാനും ഇരുകരകളിലുമായി പത്ത് ലാൻഡ് സ്പാനുമാണുള്ളത്. ഇവയിൽ മൂന്ന് സ്പാനുകൾ വളഞ്ഞവട്ടം ഭാഗത്തും ബാക്കിയുള്ള ഏഴു സ്‌പാനുകൾ ഉപദേശിക്കടവിലുമാണ്. പൈലിംഗ് ജോലികൾക്കാണ് തുടക്കംകുറിച്ചത്. മാത്യു ടി.തോമസ് എം.എൽ.എ, പൊതുമരാമത്ത് അസി.എക്സി.എൻജിനീയർ വി.എസ്. സുഭാഷ്‌കുമാർ എന്നിവർ പങ്കെടുത്തു. പമ്പയാറിന് കുറുകെ പരുമല -കടപ്ര പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം 23.73 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിക്കുന്നത്. 206.40 മീറ്റർ നീളവും നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയിലുമാണ് പാലത്തിന്റെ നിർമ്മാണം. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ബി.എം. ആൻഡ് ബി.സി ഉപരിതല നിർമ്മാണവും ആവശ്യമുള്ള സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തിയും ഉൾപ്പെടുത്തിയാണ് അപ്രോച്ച് റോഡ് നിർമ്മിക്കുന്നത്. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായ പാലത്തിന്റെ നിർമ്മാണം ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പത്തനംതിട്ട -ആലപ്പുഴ ജില്ലകളുടെ അതിർത്തി ഗ്രാമങ്ങളായ കടപ്ര, കുത്തിയതോട്, പുളിക്കീഴ്, ആലംതുരുത്തി, പരുമല, മാന്നാർ, പാണ്ടനാട് പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ പാലം കുതിപ്പേകും. ഉപദേശി കടവിൽ പാലം നിർമ്മിക്കുകയെന്നത് പ്രദേശവാസികളുടെ ഏറെക്കാലമായുള്ള ആവശ്യമാണ്.