 
കോന്നി: കന്നിയങ്കത്തിൽ പാട്ടും പാടി ജയിച്ച നവനീത് പ്രമാടത്തിന്റെ പ്രസിഡന്റാകും. രണ്ടാം വാർഡായ പാലമറൂരിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് രണ്ടു പതിറ്റാണ്ടായി കിട്ടാക്കനിയായി കിടന്ന വാർഡ് കന്നിയങ്കത്തിൽ തന്നെ പിടിച്ചെടുത്ത നാടൻപാട്ട് കലാകാരൻ കൂടിയായ എൻ. നവനീതി (30) ന് ഇരട്ട ഭാഗ്യമാണ് ഈ തിരഞ്ഞെടുപ്പിലൂടെ കൈവന്നത്. 1953 ൽ ഗ്രാമ പഞ്ചായത്ത് രൂപീകൃതമായ കാലം മുതൽ യു.ഡി.എഫ് കോട്ടയായ ഇവിടെ ആദ്യമായാണ് എൽ.ഡി.എഫ് അധികാരത്തിൽ വരുന്നത്. എൽ.ഡി.എഫിന്റെ ആദ്യ പ്രമാടം പഞ്ചായത്ത് പ്രസിഡന്റും നവനീത് ആയിരിക്കും. 19ൽ 10 സീറ്റ് നേടിയാണ് അധികാരത്തിലെത്തുന്നത്.കഴിഞ്ഞ തവണ 13 സീറ്റുകൾ ഉണ്ടായിരുന്ന യു.ഡി.എഫിന് ഇവിടെ ഇത്തവണ ഏഴ് സീറ്റുകളാണ് ലഭിച്ചത്. പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമാണ്.
ബാലസംഘം നടത്തിവന്നിരുന്ന വേനൽത്തുമ്പി കലാജാഥയിലൂടെയും, പഠനകാലത്ത് എസ്.എഫ്.ഐ പ്രവർത്തനത്തിലൂടെയും സജീവമായി. ബിരുദ പഠന കാലത്ത് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് യൂണിയൻ ആർട്ട്‌സ് ക്ലബ്ബ് സെക്രട്ടറിയായും, ബിരുദനാന്തര ബിരുദകാലത്ത് കോഴഞ്ചേരി സെന്റ് തോമസ് കോളേജ് യൂണിയൻ ഭാരവാഹിയായും, ബിഎഡ് പഠനക്കാലത്ത് എം ജി യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായും, യൂണിവേഴ്സിറ്റി യൂണിയൻ എക്‌സിക്യൂട്ടിവ് മെമ്പറായും വിദ്യാർത്ഥി രാഷ്ട്രീയ രംഗത്ത് പ്രവർത്തന മികവ് തെളിയിച്ച നവനീത് പത്തനംതിട്ട പ്രീ മെട്രിക് ഹോസ്റ്റലിൽ അദ്ധ്യാപകനായും പ്രവർത്തിച്ചു.
ചെറുപ്പകാലം മുതലേ കലാരംഗത്ത് കഴിവ് തെളിയിച്ച നവനീത് 16 വർഷമായി നാടൻകലാരംഗത്തെ നിറസാന്നിദ്ധ്യമാണ്. ഇപ്പോൾ കനൽ ഫോക് ബാന്റിലെ പ്രധാനപാട്ടുകാരനായും, കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുലൂടെ അഞ്ഞൂറിൽ പരം വിദ്യാർത്ഥികൾക്ക് നാടൻ കലകൾ സൗജന്യമായി അഭ്യസിപ്പിച്ചു വരുന്നു. പ്രളയ കാലത്ത് ജില്ലയിലുടനീളമുള്ള ദുരിതാശ്വാസ ക്യാമ്പുകളിലും, ആവണിപ്പാറപോലെയുള്ള ഒറ്റപ്പെട്ട ഇടങ്ങളിലും സഹായവുമായി നവനീത് എത്തി. വലഞ്ചുഴി മുരുപ്പേൽ എം. എ നാണുവിന്റെയും, സി.എ. തങ്കയുടെയും ഏക മകനാണ് .അനഘയാണ് ഭാര്യ.